
അധികാരമേറ്റതിന് പിന്നാലെ നിലപാടുകൾ കൂടുതൽ ശക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. 24 മണിക്കൂറിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ് നയതന്ത്രത്തിൻ്റെ ഭാഷ ഉപേക്ഷിച്ച് ഭീഷണി സ്വരം മുഴക്കി. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ നികുതിയും ഉപരോധവും ഏർപ്പെടുത്തുമെന്ന് റഷ്യക്ക് മുന്നറിയിപ്പും നൽകി. യെമനിലെ ഹൂതികളെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയ ട്രംപ്, തെക്കൻ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെയും നിയോഗിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ഓരോ നിലപാടുകളും നടപ്പിലാക്കുക എന്ന ലക്ഷ്യം മാത്രമാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന് മുന്നിലുള്ളത്. ഭരണത്തിലെത്തിയാൽ ഒരു ദിവസത്തിനുളളിൽ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിൻ്റെ അവകാശ വാദം. ഈ നീക്കം നയതന്ത്രത്തിലൂടെ നടപ്പാക്കുമെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ നയതന്ത്രത്തിൻ്റെ ഭാഷ മാറ്റി റഷ്യക്കെതിരെ ഭീഷണിയുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കുമെന്നും കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നുമാണ് ട്രംപിൻ്റെ ഭീഷണി. യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ട്രംപ് യുദ്ധത്തിൽ കൂടുതൽ നിലപാട് കടുപ്പിക്കുകയാണെന്നാണ് നിലവിലെ വിലയിരുത്തലുകൾ.
ഹമാസ് -ഇസ്രയേൽ യുദ്ധത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ആക്രമണം നടത്തിയ യെമനിലെ ഹൂതികളെ ട്രംപ് ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തി. നവംബർ 2023 മുതൽ ഏകദേശം 100ഓളം ആക്രമണങ്ങളാണ് ഹൂതികൾ ചെങ്കടലിലിൽ നടത്തിയിട്ടുള്ളത്. അമേരിക്കയുടെ ചരക്കുകപ്പലുകൾക്കും യുദ്ധക്കപ്പലുകൾക്കു നേരെയും ഹൂതികൾ ആക്രമണം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ പുതിയ നീക്കം.
ട്രംപിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു അനധികൃത കുടിയേറ്റം. അധികാരമേറ്റതിന് തൊട്ടുപിന്നാലെ തെക്കൻ അതിർത്തിയിൽ ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 1500ഓളം അധിക സൈനികരെ യുഎസ് -മെക്സിക്കോ അതിർത്തിയിലേക്ക് അയക്കാൻ തീരുമാനിക്കുന്നത്.