
റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ സമാധാനം വെറും കടലാസ് മാത്രമല്ലെന്നും ഗ്യാരണ്ടി വേണമെന്നും സെലൻസ്കി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. യുക്രെയ്ന് നൂറുകോടി ഡോളറിൻ്റെ ആയുധ പാക്കേജും അമേരിക്ക പ്രഖ്യാപിച്ചു.
നോത്രെ ദാം കത്തീഡ്രൽ വീണ്ടും തുറക്കുന്ന ചടങ്ങിൽ പാരീസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ചർച്ചയിൽ പങ്കെടുത്തിരുന്നു. യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിനു ശേഷം സെലൻസ്കിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. റഷ്യ - യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാണ് ട്രംപ് സെലൻസ്കിയോട് ആവശ്യപ്പെട്ടത്.
സെലൻസ്കിയും യുക്രെയ്നും ഒരു കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. കീവിനു 400,000 സൈനികരെ നഷ്ടപ്പെട്ടു. തനിക്ക് വ്ളാഡിമിർ പുടിനെ നന്നായി അറിയാം. യുക്രെയ്നെ സഹായിക്കാൻ ചൈനയ്ക്കു കഴിയുമെന്നും ലോകം കാത്തിരിക്കുകയാണെന്നും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു.
എന്നാൽ സമാധാനം വെറും കടലാസിൽ മാത്രമാകരുതെന്നും ഗ്യാരണ്ടി വേണമെന്നും യുക്രെയ്ൻ മറ്റാരെക്കാളും കൂടുതൽ സമാധാനം ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി മറുപടിയായി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. അധിനിവേശത്തിനു നേരെ കണ്ണടയ്ക്കരുതെന്നും യുക്രെയ്ൻ പ്രസിഡൻ്റ് പറഞ്ഞു.
അതേസമയം, റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യുക്രെയ്ന് നൂറുകോടി ഡോളറിൻ്റെ ആയുധ സഹായം നൽകുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പ്രഖ്യാപിച്ചു. റഷ്യ ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ 2022ൽ ഇസ്താംബൂളിൽ ഉണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കണം ചർച്ചകളെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുക്രെയ്ൻ നാറ്റോ സൈനിക സഖ്യത്തിൽ ചേരരുതെന്നും സമാധാന ഉടമ്പടി നടക്കണമെങ്കിൽ തൻ്റെ സൈന്യം ഭാഗികമായി നിയന്ത്രിക്കുന്ന നാല് യുക്രെയ്നിയൻ പ്രദേശങ്ങളുടെ പൂർണ നിയന്ത്രണം വിട്ടു നൽകണമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.