
യുഎസില്‍ അധികാരമേല്‍ക്കുംമുന്‍പേ വിജയറാലി സംഘടിപ്പിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ വൺ അരീനയിലായിരുന്നു ട്രംപും അനുയായികളും 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗ) വിക്ടറി റാലി' സംഘടിപ്പിച്ചത്. ജോ ബൈഡന്‍ ഭരണകൂടത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതും, മാഗ നയങ്ങള്‍ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതുമായിരുന്നു റാലിയിലെ ട്രംപിന്റെ വാക്കുകള്‍. അതിർത്തി സുരക്ഷ, ഊർജം, ടിക് ടികോ നിരോധനം തുടങ്ങി കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നു വരെ റാലിയില്‍ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനങ്ങളെ അനുയായികള്‍ അത്യാഹ്ളാദത്തോടെ സ്വാഗതം ചെയ്യുന്നതും കാണാനായി.
"അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റമാണിത്. രാജ്യം കണ്ടതില്‍വച്ച് ഏറ്റവും ഐതിഹാസികമായ രാഷ്ട്രീയ വിജയം ഞങ്ങള്‍ സ്വന്തമാക്കി. നാളെ ഉച്ചയോടെ, നീണ്ട നാല് വർഷത്തെ അമേരിക്കൻ തകർച്ചയ്ക്ക് തിരശ്ശീല വീഴും. അമേരിക്കൻ ശക്തിയുടെയും, സമൃദ്ധിയുടെയും, അന്തസ്സിന്റെയും, അഭിമാനത്തിന്റെയും ഒരു പുതിയ ദിനമാണ് ആരംഭിക്കുന്നത്. പരാജയപ്പെട്ടതും, അഴിമതി നിറഞ്ഞതുമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭരണം, പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ വാഴ്ച അവസാനിക്കാന്‍ പോകുന്നു. രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും പരിഹാരം കാണും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോഴേക്കും നമ്മുടെ രാജ്യത്തെ അധിനിവേശം നിലച്ചിരിക്കും"- റാലിയില്‍ ട്രംപ് പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കന്‍ പ്രതാപം നഷ്ടപ്പെട്ടുവെന്നും, അതു തിരിച്ചുപിടിക്കുമെന്നും വാഗ്ദാനം ചെയ്തായിരുന്നു ട്രംപ് തെരഞ്ഞെടുപ്പ് നേരിട്ടത്. രാജ്യത്തിലേക്കുളള അധിനിവേശം അവസാനിപ്പിക്കുമെന്നും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പാക്കുമെന്നും റിപ്പബ്ലിക്കന്‍ നേതാവ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ട്രംപിന്റെ വാക്കുകള്‍.
തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിനൊപ്പം, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഉള്‍പ്പെടെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളുടെ ക്രെഡിറ്റും ട്രംപ് അവകാശപ്പെട്ടു. "കരാര്‍ തങ്ങള്‍ ഉണ്ടാക്കിയതാണെന്ന് ബൈഡന്‍ പറയുന്നുണ്ടെന്ന് എനിക്കറിയാം" എന്ന പരിഹാസത്തോടെയായിരുന്നു ട്രംപിന്റെ വാക്കുകള്‍. ബൈഡന്‍-കമല ഭരണത്തെ വിമര്‍ശിച്ചും, ജനക്കൂട്ടത്തെ കൈയിലെടുത്തുകൊണ്ടുമായിരുന്നു ട്രംപിന്റെ വാക്കുകള്‍. ബൈഡന്‍ ഭരണകൂടത്തിന്റെ ടിക് ടോക് നിരോധനം ഉള്‍പ്പെടെ കാര്യങ്ങളിലും ട്രംപ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ട്രംപ് ഇടപെട്ട് ടിക് ടോക് നിരോധനം താല്‍ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച നയങ്ങളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട റാലിയില്‍, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് , ട്രംപ് സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ വകുപ്പ് മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ പ്രമുഖരും പങ്കെടുത്തു.
ആഭ്യ ഭരണകാലം കഴിഞ്ഞ്, നാല് വര്‍ഷത്തിനുശേഷമാണ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ് ഇക്കുറി കമല ഹാരിസിനെ ജനകീയ വോട്ടുകളിലും പിന്തള്ളിയാണ് അധികാരമേല്‍ക്കുന്നത്. യുഎസിന്റെ 47മത് പ്രസിഡന്റായി ട്രംപ് ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് അധികാരമേല്‍ക്കുന്നത്. ക്യാപിറ്റോള്‍ ഹില്ലില്‍, പാര്‍ലമെന്റ് മന്ദിരത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. കനത്ത തണുപ്പിനെത്തുടര്‍ന്നാണ് തുറന്ന വേദിയില്‍ നടത്താറുള്ള ചടങ്ങ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറ്റിയത്. 40 വര്‍ഷത്തിനുശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുറന്നവേദിയില്‍ നിന്ന് മാറ്റുന്നത്. മാത്രമല്ല, കീഴ്‌വഴക്കം ലംഘിച്ച് ഇക്കുറി ലോകനേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും.