
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരുടേയും കുടിക്കാഴ്ച ഫെബ്രുവരിയില്‍ യുഎസിൽ വെച്ച് നടക്കും. മോദിയുമായി ഫോൺ വഴിയുള്ള സൗഹൃദ സംഭാഷണത്തിന് പിന്നാലെയാണ്, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശന വിവരം പുറത്തുവിട്ടത്.
ട്രംപിന്‍റെ ചരിത്രവിജയത്തില്‍ അഭിനന്ദനമറിയിച്ച മോദി, ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരബന്ധവും സുരക്ഷാ സഹകരണവും വിപുലീകരിക്കേണ്ടതിന്‍റെ പ്രധാന്യം ട്രംപ് ഊന്നിപ്പറഞ്ഞു. കുടിയേറ്റ വിഷയം ചർച്ച ചെയ്തതായും ട്രംപ് അറിയിച്ചു. യുഎസിൽ നിന്ന് ഇന്ത്യ കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങേണ്ടതുണ്ടെന്നും ട്രംപ് അറിയിച്ചു.
കുടിയേറ്റ വിഷയത്തെ പറ്റി മോദിയുമായി ചർച്ച ചെയ്തുവെന്നും ട്രംപ് അറിയിച്ചു. അനധികൃതമായി യുഎസിലേക്ക് വന്ന ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി മോദി ശരിയായത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ മോദിക്ക് പങ്കെടുക്കാൻ സാധിച്ചില്ലായിരുന്നു. മോദിക്കു പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്.