"പറയാതിരിക്കാൻ വയ്യ!"; ആ വിഷയം ഇനി സംസാരിക്കില്ലെന്ന വാക്ക് തെറ്റിച്ച് ട്രംപ്

കഴിഞ്ഞ മാസം നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ, കടന്നുപോയ കാര്യങ്ങളെകുറിച്ച് ഇനി സംസാരിക്കില്ലെന്ന് ട്രംപ് ഉറപ്പിച്ച് പറഞ്ഞിരുന്നു
"പറയാതിരിക്കാൻ വയ്യ!"; ആ വിഷയം ഇനി സംസാരിക്കില്ലെന്ന വാക്ക് തെറ്റിച്ച് ട്രംപ്
Published on


അടുത്തിടെ നടന്ന വധശ്രമത്തെ കുറിച്ച് ഇനി സംസാരിക്കില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും, സംഭവം വീണ്ടും വിഷയം ചർച്ചാ വിഷയമാക്കി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെസ്‌ല ഉടമ ഇലോൺ മസ്കുമായി നടത്തിയ സംവാദത്തിൽ ഒരു മണിക്കൂറോളമാണ് കൊലപാതക ശ്രമത്തെക്കുറിച്ച് മാത്രം ട്രംപ് വിവരിച്ചത്. കഴിഞ്ഞ മാസം നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ, കടന്നുപോയ കാര്യങ്ങളെകുറിച്ച് ഇനി സംസാരിക്കില്ലെന്ന് ട്രംപ് ഉറപ്പിച്ച് പറഞ്ഞിരുന്നു.

എന്നാൽ മസ്കുമായുള്ള സംഭാഷണത്തിനിടെ ട്രംപ് മുൻനിലപാട് മാറ്റി. പെൻസിൽവാനിയയിലെ ബട്ട്ലറിൽ നടന്ന വധശ്രമത്തിൽ നിന്നും തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും, ബുള്ളറ്റ് എങ്ങനെ തൻ്റെ ചെവിയിലൂടെ തുളച്ചുകയറിയെന്നും ഒരു മണിക്കൂറിലധികം സമയമെടുത്താണ് ട്രംപ് വിവരിച്ചത്.

"അത് ശക്തമായൊരിടി പോലെയായിരുന്നു. യാഥാർഥ്യമല്ലെന്നാണ് ആദ്യം തോന്നിയത്. പക്ഷേ അത് അങ്ങനെയായിരുന്നില്ല. സാധാരണ ഒരാൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് യാഥാർഥ്യമല്ലെന്ന് തോന്നിയേക്കാം. എന്നാൽ എനിക്കങ്ങനെ തോന്നിയിട്ടേയില്ല. അതൊരു ബുള്ളറ്റാണെന്ന് എനിക്ക് പെട്ടെന്ന് തന്നെ മനസിലായിരുന്നു" ട്രംപ് പറഞ്ഞു. ഈ സംഭവം കൂടുതൽ ദൈവത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചെന്നും ട്രംപ് പറഞ്ഞു.

ജോ ബൈഡൻ അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിന്ന് മാറിയതിന് ശേഷം ട്രംപിൻ്റെ വിജയസാധ്യതയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നിരുന്നു. കമലാ ഹാരിസിനെ പരാജയപ്പെടുത്താനുള്ള വ്യത്യസ്ത പ്രചരണ മാർഗമായാണ് ട്രംപ് ഇലോൺ മസ്കുമായുള്ള സംവാദത്തെ കാണുന്നത്. ഏകദേശം ഒരു വർഷത്തിന് ശേഷം ട്രംപ് എക്സ് ഹാൻഡിലിൽ പങ്കുവെച്ച ലിങ്ക് ഈ സംവാദത്തിൻ്റേതായിരുന്നു. എന്നാൽ സംവാദം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വലിയ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതോടെ ചില ഉപയോക്താക്കൾക്ക് മാത്രമേ വീഡിയോ കാണാൻ സാധിച്ചിരുന്നുള്ളൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com