
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യൻ വംശജരായ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ട്രംപിന്‍റെ നീക്കം. അതേസമയം, അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവും ട്രംപ് ഉന്നയിച്ചു.
മിഷിഗണിലെ പ്രചാരണത്തിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരം ഡൊണാള്‍ഡ് ട്രംപ് പുറത്തുവിട്ടത്. അടുത്ത ആഴ്ച കൂടിക്കാഴ്ച ഉണ്ടായേക്കുമെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 21 ന് ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യത്തലവന്മാരൊന്നിക്കുന്ന ഡെലവേർ ഉച്ചകോടിക്ക് ജോ ബെെഡന്‍ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.
മോദിയടക്കം നേതാക്കള്‍ ഒന്നാന്തരം തന്ത്രശാലികളാണെന്ന് പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിൻ്റെ പരോക്ഷ വിമർശനം. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജകൂടിയായ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനാണ് നിലവില്‍ മുന്‍തൂക്കം കണക്കാക്കപ്പെടുന്നത്.