"ഇറാൻ്റെ ആണവകേന്ദ്രങ്ങള്‍ ആദ്യം ആക്രമിക്കൂ"; ഇസ്രയേലിനോട് ട്രംപ്

ഇറാന്‍റെ എണ്ണ സംഭരണശാലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്താനാനുള്ള സാധ്യതകളെക്കുറിച്ച് യുഎസ് ഭരണകൂടം ചർച്ച നടത്തി വരികയാണെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു
"ഇറാൻ്റെ ആണവകേന്ദ്രങ്ങള്‍ ആദ്യം ആക്രമിക്കൂ"; ഇസ്രയേലിനോട് ട്രംപ്
Published on

ഇറാൻ്റെ ആണവകേന്ദ്രങ്ങളെ ആദ്യം ആക്രമിക്കണമെന്ന് ഇസ്രയേലിനോട് ആഹ്വാനം ചെയ്ത് ഡൊണാൾഡ് ട്രംപ്. മുൻ യുഎസ് പ്രസിഡൻ്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് യുദ്ധസന്നാഹത്തിന് ആക്കം കൂട്ടുകയാണ്. ഇത് മിഡിൽ ഈസ്റ്റിലെ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾക്കും തീവ്രത കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാന്‍റെ എണ്ണ സംഭരണശാലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്താനുള്ള സാധ്യതകളെക്കുറിച്ച് യുഎസ് ഭരണകൂടം ചർച്ച നടത്തി വരികയാണെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.



പശ്ചിമേഷ്യയില്‍ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈഡന്‍റെ അവ്യക്തമായ പരാമർശങ്ങള്‍ വന്നതോടെ  വ്യാഴാഴ്ച യുഎസില്‍ എണ്ണ വില ഉയർന്നിരുന്നു. ഇത് ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്‍റുമായ കമലാ ഹാരിസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ സാരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു.

അതേസമയം, വലിയ തോതിലുള്ള ആക്രമണം ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുണ്ടായാല്‍ ഇസ്രയേലിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ യുഎസിനെ അറിയിച്ചു. മാത്രമല്ല ഇസ്രയേൽ ആക്രമണത്തെ സഹായിക്കുന്ന ഏതു രാജ്യവും തങ്ങളുടെ ലക്ഷ്യമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.


ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയെ കൊലപ്പെടുത്തിയതില്‍ തിരിച്ചടിയായാണ് ഇസ്രയേലിലേക്ക് ഇറാന്‍ 180ലേറെ മിസൈലുകള്‍ വർഷിച്ചത്. ഇവയില്‍ ചിലത് 10,000 എംപിഎച്ച് വേഗതയുള്ള ഹൈപ്പർസോണിക് ഫത്താഹ് മിസൈലുകളാണ്. ഭൂരിഭാഗം മിസൈലുകളും നിർജീവമാക്കിയെന്നാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്. ഈ വാദത്തെ ഇസ്രയേല്‍ പ്രതിരോധത്തെ സഹായിക്കുന്ന യുകെയും യുഎസും പിന്താങ്ങി. എന്നാല്‍, 90 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടുവെന്നാണ് റെവല്യൂഷണറി ഗാർഡുകളുടെ കണക്കുകൂട്ടല്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com