
വയനാട് ഉരുൾപൊട്ടൽ ദുരന്തം പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടതാണെന്ന് മന്ത്രി ഒ.ആർ. കേളു. കേന്ദ്ര സഹായം എന്താണ് വൈകുന്നതെന്ന് അറിയില്ല. കുറച്ചുകൂടി കാത്തിരിക്കാം. രാഷ്ട്രീയ വിവേചനമായി ഇപ്പോൾ കാണുന്നില്ല. കേന്ദ്ര സഹായം വൈകുന്നത് കൊണ്ട് പുനരധിവാസ പ്രവർത്തനങ്ങൾ വൈകിയിട്ടില്ല. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നുവെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രളയ സഹായത്തിൽ കേരളത്തെ വീണ്ടും തഴഞ്ഞിരുന്നു. ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കാണ് സഹായം പ്രഖ്യാപിച്ചത്. ഗുജറാത്തിന് 600 കോടി, മണിപ്പൂരിന് 50 കോടി, ത്രിപുരയ്ക്ക് 25 കോടി എന്നിങ്ങനെയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. കേരളം, അസം, ബിഹാര്‍ അടക്കമുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നെങ്കിലും ഈ സംസ്ഥാനങ്ങള്‍ക്കൊന്നും ധനസഹായം പ്രഖ്യാപിച്ചില്ല.