"കുറ്റവാളികളെ വെറുതെ വിടരുത്"; ഹത്രസ് ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് ആൾദൈവം

"കുറ്റവാളികളെ വെറുതെ വിടരുത്"; ഹത്രസ് ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് ആൾദൈവം

ദുരന്തം ഏറെ വേദന ഉണ്ടാക്കുന്നതാണെന്നും കുറ്റവാളികളെ വെറുതെ വിടരുതെന്നും ഭോലെ ബാബ ആവശ്യപ്പെട്ടു
Published on

ഹത്രസിൽ പ്രാർത്ഥനാ ചടങ്ങിനിടെ നൂറിലേറെ പേർ മരിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ആൾദൈവം സൂരജ് പാൽ എന്ന ഭോലെ ബാബ. സംഭവം ഏറെ വേദനയുണ്ടാക്കുന്നതാണെന്നും കുറ്റവാളികളെ വെറുതെ വിടരുതെന്നും ഭോലെ ബാബ പറഞ്ഞു. ദയവായി സർക്കാരിലും ഭരണത്തിലും വിശ്വസിക്കണമെന്നും ഭോലെ ബാബ ആവശ്യപ്പെട്ടു. 80,000 പേർ പങ്കെടുക്കേണ്ട പ്രാർത്ഥനാ യോഗത്തിൽ രണ്ടര ലക്ഷത്തിലധികം ആളുകൾ ഇടിച്ചുകയറി വന്നത്. ആൾദൈവം പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.

കഴിഞ്ഞ ദിവസം ഹത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന സത്‌സംഗം പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ദേവ് പ്രകാശ് മധുകര്‍. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ദേവ് പ്രകാശ് മധുകര്‍. ഇയാളെ പിടികൂടാൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സംഘാടകർക്കും ജില്ലാ ഭരണകൂടത്തിനും വീഴ്ച്ചകൾ സംഭവിച്ചതായാണ് അന്വേഷണ സംഘം യുപി സർക്കാരിന് നൽകിയ റിപ്പോർട്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് സംഘാടകർ പൊലീസിനെ കയറ്റിയില്ലെന്നും, ഭോലെ ബാബയുടെ സുരക്ഷാ ജീവനക്കാരാണ് ജനങ്ങളെ നിയന്ത്രിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു.

News Malayalam 24x7
newsmalayalam.com