
ശംഭു അതിർത്തി അടച്ച ഹരിയാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാരിൻ്റെ കർഷക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകസംഘം ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത് തടയാനായാണ് ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തി അടച്ചിരുന്നത്. സംസ്ഥാനത്തെ പ്രധാന ഹൈവേയിൽ തടസ്സം സൃഷ്ടിക്കാൻ സർക്കാരിനെങ്ങനെയാണ് കഴിയുകയെന്ന് സുപ്രീം കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ നീക്കം ചെയ്യാൻ ഹരിയാന-പഞ്ചാബ് ഹൈക്കോടതി ഉത്തരവിട്ടത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഹരിയാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് അഭിഭാഷകൻ അറിയിച്ചതിന് പിന്നാലെ കോടതിയുടെ ചോദ്യങ്ങൾ ഉയരുകയായിരുന്നു. ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് സൂര്യകാന്ത് എന്നിരടങ്ങുന്ന ബഞ്ചായിരുന്നു സർക്കാരിനെ വിമർശിച്ചത്. സംസ്ഥാന സർക്കാർ റോഡ് വഴി തന്നെയല്ലേ യാത്ര നടത്താറെന്ന് പരിഹാസരൂപേണ ചോദിച്ച സുപ്രീം കോടതി അതിർത്തി അടക്കാനെടുത്ത സംസ്ഥാന സർക്കാരിൻ്റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടികാട്ടി.
അതേസമയം കർഷകർ പൗരന്മാരാണെന്ന് ഭരണകക്ഷിയായ ബിജെപി ഓർക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഭാവിയിൽ ബഹുജന പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നാൽ അവർക്ക് പരിഗണന ഉറപ്പാക്കണമെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകി. അവർക്ക് ഭക്ഷണവും നല്ല മെഡിക്കൽ സൗകര്യവും നൽകുക, അവർ വരും, മുദ്രാവാക്യം വിളിച്ച് മടങ്ങിപ്പോകും എന്നായിരുന്നു കോടതിയുടെ പരാമർശം.
കർഷക സംഘങ്ങളെ തടയാനായി യുദ്ധമേഖലയിലേത് പോലുള്ള ഉപരോധങ്ങളാണ് സർക്കാർ ശംഭു അതിർത്തിയിൽ സൃഷ്ടിച്ചിരുന്നത്. ഇതോടെ ദേശീയ തലസ്ഥാനത്തേക്കുള്ള പ്രധാന റോഡുകളിലൊന്നായ ഹൈവേയിലെ ഗതാഗതം നിർത്തിവെക്കേണ്ടി വന്നു. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന കർഷകരുടെ എണ്ണം നൂറായി കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി, പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഹൈവേ വീണ്ടും തുറക്കാൻ ഹൈക്കോടതി ബുധനാഴ്ച നിർദേശിച്ചു.