
സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിലേക്ക് സംഭാവനകള്‍ നൽകാൻ സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പി. എഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്ത ജീവനക്കാർക്ക് പിഎഫിന് അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. സർക്കാർ ജീവനക്കാരുടെ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
സാലറി ചലഞ്ചിന് സമ്മതം നൽകാത്തവരിൽ നിന്ന് നിശ്ചിത സമയ പരിധിക്കുള്ളിൽ തുക ഈടാക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്ന തുക അടക്കം പൂരിപ്പിച്ച സമ്മതപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24 ആണ്. നിശ്ചിത സമയത്തിനുള്ളിൽ സമ്മതപത്രം നൽകാത്തതും സമ്മതമായി അനുമാനിക്കുമെന്ന് ഉത്തരവിൽ പറയുന്നു.