"മസ്തകത്തിലെ മുറിവിന് ഒരടിയോളം ആഴമുണ്ട്"; ചികിത്സയ്ക്ക് മാർഗരേഖ തയ്യാറാക്കുമെന്ന് ഡോ. അരുൺ സക്കറിയ

ആദ്യഘട്ട ചികിത്സയ്ക്കായി ഒന്നര മാസമെങ്കിലും വേണ്ടി വരും
"മസ്തകത്തിലെ മുറിവിന് ഒരടിയോളം ആഴമുണ്ട്"; ചികിത്സയ്ക്ക് മാർഗരേഖ തയ്യാറാക്കുമെന്ന് ഡോ. അരുൺ സക്കറിയ
Published on


അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ്റെ ചികിത്സയ്ക്ക് മാർഗരേഖ തയ്യാറാക്കുമെന്ന് ഡോ. അരുൺ സക്കറിയ. കൊമ്പന് ചികിത്സ നൽകുന്ന ദൗത്യം പൂർണവിജയമെന്ന് പറയാൻ ആകില്ല. മസ്തകത്തിലെ മുറിവിന് ഒരടിയോളം ആഴമുണ്ട്. ആദ്യഘട്ട ചികിത്സയ്ക്കായി ഒന്നര മാസമെങ്കിലും വേണ്ടി വരും. വനത്തിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവാണ്. കഴിഞ്ഞ വർഷം മാത്രം 11 കൊമ്പനാനകളാണ് ചരിഞ്ഞതെന്നും അരുൺ സക്കറിയ പറഞ്ഞു.

ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമായി എന്ന് പറയാൻ കഴിയുകയുള്ളു. ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരും. പ്രത്യേക മെഡിക്കൽ സംഘമാണ് ചികിത്സയെക്കുറിച്ചുള്ള മാർഗരേഖ ഉണ്ടാക്കുക. ആന നിലവിൽ ശാന്തനാണ്. മയങ്ങി വീണ സമയം പഴുപ്പ് പൂർണമായും നീക്കം ചെയ്തുവെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു.

മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേൽപ്പിക്കാനായി. തുടര്‍ന്ന് ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റി കോടനാട്ടിലേക്ക് എത്തിച്ചു.

അതിരപ്പിള്ളി കാലടി പ്ലാൻ്റേഷനിലുണ്ടായിരുന്ന ആനയെ ഇന്ന് രാവിലെ 6.30ഓടെ മയക്കുവെടി വെക്കുകയായിരുന്നു. 15 മിനിറ്റിന് ശേഷം മയങ്ങി വീണ കൊമ്പനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വെളളം തളിച്ച് ഉണർത്തി മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലുള്ള ആനയെ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ആനയെ പിടികൂടി ചികിത്സ നൽകാനുള്ള ചീഫ് വൈൽഡ്‌‌ലൈഫ് വാർഡൻ്റെ ഉത്തരവ് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. മസ്തകത്തിൽ പരിക്കേറ്റ കൊമ്പൻ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com