ഡോ. മൻമോഹൻ സിങ്: പാണ്ഡിത്യവും പൊതുജനതാൽപ്പര്യവും സമന്വയിച്ച രാഷ്ട്രതന്ത്രജ്ഞന്‍

പ്രധാനമന്ത്രി എന്ന നിലയിലുള്ള ഹിന്ദി പ്രസംഗങ്ങൾ പോലും ഉറുദുവിലാണ് ഡോ. മൻമോഹൻ സിങ് എഴുതിയിരുന്നത്
ഡോ. മൻമോഹൻ സിങ്
ഡോ. മൻമോഹൻ സിങ്
Published on

പണം കൊണ്ടല്ല, പ്രതിഭകൊണ്ടു മാത്രം നേടിയെടുത്തതാണ് ഡോ. മൻമോഹൻ സിങ്ങിന്‍റെ പാണ്ഡിത്യം. വിദ്യാഭ്യാസ മികവുകൊണ്ടു ലഭിച്ച സ്കോളർഷിപ്പുകളാണ് ആ തുടർ പഠനം സാധ്യമാക്കിയതും രാജ്യത്തിനു വേറിട്ട നേതാവിനെ സമ്മാനിച്ചതും.


അവിഭക്ത ഇന്ത്യയിലെ പടിഞ്ഞാറന്‍ പഞ്ചാബിലായിരുന്നു ഡോ. മൻമോഹൻ സിങ്ങിന്‍റെ ജനനം. 15ാം വയസിൽ മുത്തശ്ശി ജംനാ ദേവിയുടെ കൈപിടിച്ച് ഇന്ത്യയിലേക്കു പുറപ്പെടുമ്പോൾ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് മാത്രമായിരുന്നു മന്‍മോഹന്‍റെ പോക്കറ്റിൽ ഉണ്ടായിരുന്നത്. മാതാവ് അമൃത് കൗർ നന്നേ ചെറുപ്പത്തിൽ തന്നെ മരിച്ചതിനാൽ മുത്തശ്ശി എടുക്കുന്ന തീരുമാനങ്ങളായിരുന്നു മൻമോഹൻ സിങ്ങിന്‍റെ ജീവിതം. പെഷവാറിലെ ഉർദു സ്കൂളിൽ പഠിച്ച ശാസ്ത്രവും ഗണിതവുമായി ഒപ്പംവരുന്ന മകനെ എന്തു പഠിപ്പിക്കണം എന്ന കാര്യത്തിൽ പിതാവ് ഗുർമുഖിനും തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല.

ഹാൽദ്വാനിയിൽ കുടിയേറി കോളേജ് പ്രവേശനത്തിന് അന്വേഷണം തുടങ്ങിയപ്പോഴേക്കും കുടുംബം അമൃത്സറിലേക്കു മാറി. പിന്നെ അമൃത് സർ ഹിന്ദു കോളജിൽ പ്രീ യുണിവേഴ്സിറ്റി പഠനം. ശേഷം ഹോഷിയാപൂരിലെ പഞ്ചാബ് സർവകലാശാലയിൽ. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ലഭിച്ച ഒന്നാം റാങ്കാണ് ഓക്സഫഡിലെ പഠനം സാധ്യമാക്കിയത്. ഓക്സഫഡിൽ ഗവേഷണം നടത്തിയത് ഇന്ത്യയുടെ വ്യാപാര നയങ്ങളിലും. ഡോക്ടറേറ്റിനു പിന്നാലെ ഐക്യരാഷ്ട്ര സംഘടനയിൽ കിട്ടിയ ജോലി വേണ്ടെന്നു വച്ചാണ് പഞ്ചാബ് സർവകലാശാലയിലേക്ക് അധ്യാപകനായി എത്തിയത്. അവിടെ നിന്ന് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രഫസർ.



പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കാനും ധനകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയാക്കാനും യുജിസി ചെയർമാൻ ആക്കാനും റിസർവ് ബാങ്ക് ഗവർണർ ആക്കാനും ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനാക്കാനുമെല്ലാം ഉള്ള യോഗ്യതകൾ ഇന്ത്യയിൽ മറ്റൊരു നേതാവിനും ഉണ്ടായിട്ടില്ല. പി.വി. നരസിംഹറാവു 16 ഭാഷകൾ സംസാരിച്ചപ്പോൾ പെഷവാറിൽ നിന്നു പഠിച്ച ഉറുദുവും ഓക്സ്ഫഡ് നൽകിയ അത്ര ഒഴുക്കില്ലാത്ത ഇംഗ്ളീഷും മാത്രമായിരുന്നു ഡോ. മൻമോഹൻസിങ്ങിന്‍റെ കൈമുതൽ. പ്രധാനമന്ത്രി എന്ന നിലയിലുള്ള ഹിന്ദി പ്രസംഗങ്ങൾ പോലും ഉറുദുവിലാണ് ഡോ. മൻമോഹൻ സിങ് എഴുതിയിരുന്നത്.



ഐക്യരാഷ്ട്ര സംഘടനയിലും ലോകബാങ്കിലും ജനീവയിലെ സൗത്ത് കമ്മീഷനിലും എല്ലാം കിട്ടിയ ജോലികൾ അതിവേഗം ഉപേക്ഷിച്ച് മൻമോഹൻ ഓരോ വട്ടവും എത്തിയത് ഇന്ത്യയിലേക്കാണ്. 21ാം നൂറ്റാണ്ടിലെ ഇന്ത്യ ഏറ്റവും കടപ്പെട്ടിരിക്കുന്ന ബൗദ്ധിക നേതൃത്വമാണ് ഡോ. മൻമോഹൻ സിങ്ങിന്‍റേത്. വിദ്യാഭ്യാസത്തിലെ നേട്ടം മുഴുവൻ രാജ്യത്തിനായി വിനിയോഗിച്ച ഒരു ജീവിതത്തിനാണ് അന്ത്യമായത്. ലോകചരിത്രത്തിൽ തന്നെ പാണ്ഡിത്യവും പൊതുജനതാൽപ്പര്യവും ഇങ്ങനെ സമന്വയിച്ച മറ്റനേകം നേതാക്കളില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com