"സ്വകാര്യ സർവകലാശാലകളെ പരിഗണിക്കുന്നത് പൊതുസ്ഥാപനങ്ങൾ നിലനിർത്തി, കേന്ദ്ര സർക്കാർ ചെയ്യുന്നത് യുജിസിയെ ഉപയോഗിച്ച് അമിതാധികാര പ്രവണത"

കേരളത്തിലെ മാത്രമല്ല, ഇതര സംസ്ഥാനത്തെയും കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റാൻ ശ്രമിക്കും
"സ്വകാര്യ സർവകലാശാലകളെ പരിഗണിക്കുന്നത് പൊതുസ്ഥാപനങ്ങൾ നിലനിർത്തി, കേന്ദ്ര സർക്കാർ ചെയ്യുന്നത് യുജിസിയെ ഉപയോഗിച്ച് അമിതാധികാര പ്രവണത"
Published on

പൊതുസ്ഥാപനങ്ങളെ നിലനിർത്തികൊണ്ട് തന്നെയാണ് സ്വകാര്യ സർവകലാശാലകളെ പരിഗണിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ അന്തർദേശീയ ഹബ്ബാക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മാത്രമല്ല, ഇതര സംസ്ഥാനത്തെയും കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റാൻ ശ്രമിക്കും. നാല് വർഷത്തിനിടെ നിരവധി പ്രതിസന്ധികളിലൂടെയാണ് ഉന്നതവിദ്യാഭ്യാസ മേഖല കടന്നുപോയത്. കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവർണർ നമ്മൾ മുന്നോട്ടുവെക്കുന്ന ഓരോ ചുവടുകളിലും തടസം സൃഷ്ടിച്ചെന്നും ആർ. ബിന്ദു പറഞ്ഞു.

യുജിസി രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഉപകരണമായി മാറി. എന്തിനാണോ യുജിസി രൂപീകരിച്ചത് അതിന് വിരുദ്ധമായിട്ടാണ് ഇപ്പോൾ അത് പ്രവർത്തിക്കുന്നത്. അമിതാധികാര പ്രവണതയാണ് യുജിസിയെ ഉപയോഗിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയിരുന്നു. ഫെബ്രുവരി പത്തിന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുള്ള കരട് ബില്ല് അംഗീകരിച്ചത്.

സ്പോൺസറിംഗ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം, അധ്യാപക വൈസ് ചാൻസലർ നിയമനങ്ങളിൽ UGC, സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം, തുടങ്ങി പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നിലവിലുള്ള ഫീസിളവും സ്കോളർഷിപ്പും നിലനിർത്തുമെന്നും ബില്ലിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ എസ്എഫ്ഐയിൽ നിന്നുൾപ്പെടെ എതിർപ്പ് ഉയർന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com