

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഐഎമ്മിന്റെ തോൽവി വലിയ ചർച്ചയായ സാഹചര്യമാണ് നിലവിലുള്ളത്. പാർട്ടിക്കകത്ത് തന്നെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്കും പാർട്ടിക്കെതിരെ ആഞ്ഞടിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസക് പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാർട്ടിക്കുള്ളിൽ മാത്രം ചർച്ച ചെയ്ത് തീർക്കാവുന്നതല്ല. എന്തുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്ന് പരിശോധിക്കണം. അഴിമതി ആക്ഷേപങ്ങൾ വന്നതും, ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാത്തതും, സർക്കാരിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകളും ജനങ്ങളുടെ എതിർപ്പിന് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഭരണപരമായും സംഘടനാപരമായും പോരായ്മകൾ ഉണ്ടെന്നും, പാർട്ടി അനുഭാവികൾ പോലും എതിരായി വോട്ട് ചെയ്തത് എന്തുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് തിരുത്തണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ജനങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കണമെന്നും മുൻ ധനമന്ത്രി പറഞ്ഞു.
സൈബർ സഖാക്കളെയും തോമസ് ഐസക് വിമർശിച്ചു. സോഷ്യൽ മീഡിയയിൽ എന്തുമാകാമെന്ന് ആയിരിക്കുന്നെന്നും, സൈബർ സഖാക്കൾ നിഷ്പക്ഷരെ പാർട്ടിയിൽ നിന്ന് അകറ്റുന്ന സമീപനം അവസാനിപ്പിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സൈബർ പോരാളികൾ അഡ്രസ് ചെയ്യേണ്ടത് പക്ഷമില്ലാത്തവരെയാണെന്നും തോമസ് കൂട്ടിച്ചേർത്തു.