ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ കുറ്റപത്രം ജൂലൈ 17ന് വായിച്ചു കേൾപ്പിക്കും

കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി പി.എന്‍. വിനോദിൻ്റെ നിർദേശപ്രകാരമാണ് പ്രതിയെ ഹാജരാക്കുക.
ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ കുറ്റപത്രം ജൂലൈ 17ന് വായിച്ചു കേൾപ്പിക്കും
Published on
Updated on

ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ കുറ്റപത്രം ഈ മാസം 17ന് വായിച്ചു കേൾപ്പിക്കും. പ്രതി സന്ദീപിനെ കോടതിയിൽ നേരിട്ട് ഹാജരാക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി പി.എന്‍. വിനോദിൻ്റെ നിർദേശപ്രകാരമാണ് പ്രതിയെ ഹാജരാക്കുക.

ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിനെതിരെ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന്, വിടുതല്‍ ഹര്‍ജി തള്ളിയ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ നേടിയിരുന്നെങ്കിലും, കേസില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി, ഹര്‍ജി തള്ളി സെഷന്‍സ് കോടതി ഉത്തരവ് ശരിവെച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പ്രതി ഉദ്ദേശിക്കുന്നതിനാൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾ മാറ്റി വെയ്ക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.

ഹൈക്കോടതി സ്‌റ്റേ ഒഴിവായ സാഹചര്യത്തിൽ പ്രതിയെ നേരിട്ട് ഹാജരാക്കി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന് തടസമില്ലെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടികാട്ടി. തുടർന്നാണ് ഈ മാസം പതിനേഴിന് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടത്. 2023 മെയ്‌ 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതിയായ സന്ദീപ്, വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

News Malayalam 24x7
newsmalayalam.com