
ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് വീണ്ടും തിരിച്ചടി. വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി ശരിവെച്ചു.
വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതല്ലെന്നും പ്രത്യേക മാനസികാവസ്ഥയിൽ പ്രകോപിതനായതാണെന്നും പ്രതി നൽകിയ ഹർജിയിൽ സൂചിപ്പിക്കുന്നു. പരുക്കേറ്റ ഡോ. വന്ദന ദാസിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. അതിനാൽ കൊലക്കുറ്റം നിലനിൽക്കില്ലെന്നും ചികിത്സാപ്പിഴവാണ് മരണകാരണമെന്നും സന്ദീപ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയും ഹർജി തള്ളിയത്.
മെയ് പത്തിന് പകല്‍ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദന ദാസിനെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. പൊലീസുകാരുൾപ്പെടെ അഞ്ചോളം പേർക്ക് പരുക്കേറ്റിരുന്നു. കത്രിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. നിരവധി തവണ പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
നേരത്തെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിൻ്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും വിമർശനം ഉയർന്നിരുന്നു.