
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന മേഖലയിൽ ഡ്രോണ്‍ സര്‍വേ ഇന്നും തുടരും. എറണാകുളത്തെ ഡ്രോൺ ഇമേജിനേഷൻ കമ്പനിയാണ് സർവേ നടത്തുന്നത്. കൂടാതെ കര്‍ഷകരുടെ നാശനഷ്ടം സംബന്ധിച്ച പരിശോധനയും ഇതിൻ്റെ ഭാഗമായി നടത്തും. ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി കുടിയേറ്റ കർഷകർ കടക്കെണിയിലായെന്നാണ് കണക്കുകൾ പറയുന്നത്.
ഉരുൾപൊട്ടലിൽ പുഴയോരത്തെ കാർഷിക വിളകൾ പൂർണമായും നശിച്ചിരുന്നു. പ്രദേശത്ത് വിശദമായ പരിശോധന നടത്തുമെന്നും, നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നും സര്‍ക്കാർ അറിയിച്ചു.
ഉരുൾപൊട്ടലിൽ പ്രദേശത്തെ 13 വീടുകളാണ് ഒലിച്ചുപോയത്. 15 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ജില്ലയില്‍ 56 ദുരിതാശ്വാസ ക്യാമ്പുകളിലായി 2869 പേരാണ് താമസിച്ചിരുന്നത്.
വടകരയിലെ മലയങ്ങാട് ഭാഗത്തായിരുന്നു ഉരുള്‍പൊട്ടിയത്. 8 തവണയാണ് ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയിരുന്നു. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നിരുന്നു. പാലം തകര്‍ന്നതോടെ 15 കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എത്തിയ റിട്ടയേർഡ് അധ്യാപകനായ മാത്യു ഉരുൾപൊട്ടലിൽ അകപ്പെട്ടു. പിന്നീട് അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെടുക്കയും ചെയ്തിരുന്നു.
ഉരുൾപൊട്ടിയ കോഴിക്കോട് വിലങ്ങാട് മലയോരത്ത് ശാസ്ത്രീയ പഠനം നടത്താനായി വിദഗ്ധ സംഘം അടുത്തയാഴ്ചയോടെ എത്തുമെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും സർക്കാർ ജനങ്ങളുടെ പുനരധിവാസം തീരുമാനിക്കുകയെന്നും . അധികം പേരുടെ ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും വയനാട്ടിലേതിന് സമാനമായ ദുരന്തമാണ് കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒന്നിന് പിന്നാലെ മറ്റൊന്നായി എട്ട് തവണയാണ് ഇവിടെ ഉരുൾ പൊട്ടിയത്. മുന്നൂറിലേറെ വൈദ്യുതി തൂണുകൾ അപകടത്തിൽ തകർന്നു. നിരവധി ട്രാൻസ്ഫോർമറുകൾ ഒലിച്ചുപോയി. മേഖലയിലെ റോഡുകൾ തകർന്നു. നിരവധി പാലങ്ങൾ ഒലിച്ചു പോയി. ഇതോടെ മലയോരമേഖലയുമായുള്ള ബന്ധം പൂർണമായും നിലച്ചു.
പുഴയോരത്തെ കാർഷിക വിളകൾ പൂർണമായി നശിച്ചിട്ടുണ്ട്. വീടുകൾ, കടകൾ, വായനശാലകൾ, കുരിശുപള്ളി എന്നിങ്ങനെ ഒരു പ്രദേശം തന്നെ ഉരുൾപൊട്ടലിനെ തുടർന്ന് ഇല്ലാതായി. നാശനഷ്ടങ്ങളുടെ കണക്കുകൾ വിവിധ വകുപ്പുകൾ ശേഖരിച്ചു വരികയാണ്. ഒൻപത് തവണയായി ഉണ്ടായ ഉരുൾപൊട്ടലിൽ 15 വീടുകൾ ഒലിച്ചുപോയിട്ടുണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാൽപതിലധികം വീടുകൾ നശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ശാസ്ത്രീയ പഠനം നടത്തി പുനരധിവാസത്തിൽ യുക്തിസഹവും ശാസ്ത്രീയവുമായ നിലപാടെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഉരുൾപൊട്ടൽ മേഖല സന്ദർശിത്തതിന് ശേഷം പറഞ്ഞിരുന്നു . പുറത്തറിഞ്ഞതിലും വലുതാണ് ദുരന്തത്തിൻ്റെ വ്യാപ്തിയെന്ന് വിലങ്ങാട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു.
ശാസ്ത്രീയ പഠനത്തിനായി ജിയോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, ഡിസാസ്റ്റർ മാനേജ്മെൻ്റിന് കീഴിലുള്ള ഹസാഡ് അനാലിസ്റ്റ് എന്നിവരുടെ സംഘമാണ് സ്ഥലത്തെത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. ജീവന് ആപത്തൊന്നും സംഭവിച്ചില്ലെങ്കിലും വയനാടിലുണ്ടായതിന് സമാനമായ ദുരന്തമാണ് വിലങ്ങാട് സംഭവിച്ചതെന്ന് ഇ.കെ. വിജയൻ എംഎൽഎ. ജനങ്ങളുടെ പുനരധിവാസം സംബന്ധിച്ച വിഷയങ്ങളിൽ ഉടനടി തീരുമാനം എടുക്കുമെന്നും എംഎൽഎ അറിയിച്ചിരുന്നു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഏകദേശം 500 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് പ്രാഥമിക കണക്ക് സൂചിപ്പിക്കുന്നത്.
കോഴിക്കോട് ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിന് മാത്രമായി സ്പെഷ്യൽ പാക്കേജ് കൊണ്ടുവരണമെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചിരുന്നു. സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള എല്ലാ തീരുമാനങ്ങൾക്കും യുഡിഎഫിൻ്റെ പിന്തുണ ഉണ്ടാകുമെന്നും, ഒരുപാട് ആളുകൾ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. വയനാടിനൊപ്പം തന്നെ കാണേണ്ട ദുരന്തമാണ് വിലങ്ങാടും സംഭവിച്ചതെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. കോഴിക്കോട് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് സന്ദർശിച്ച ശേഷം, ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.