കേരളത്തിലെ ക്യാംപസുകളിലെ ലഹരി ഉപയോഗം; വിസിമാരുടെ യോഗം വിളിച്ച് ഗവർണർ

സംസ്ഥാനത്തെ എല്ലാ വൈസ് ചാൻസലർമാർക്കും യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്
രാജേന്ദ്ര അർലേക്കർ
രാജേന്ദ്ര അർലേക്കർ
Published on

കേരളത്തിലെ ക്യാംപസുകളിൽ ലഹരിപദാർഥങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സംസ്ഥാനത്തെ എല്ലാ വൈസ് ചാൻസലർമാർക്കും യോ​ഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാജ് ഭവനിലാണ് യോഗം. കേരള ​ഗവർണറായി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു യോ​ഗം രാജേന്ദ്ര അർലേക്കർ വിളിച്ചു ചേർക്കുന്നത്. എങ്ങനെ ക്യാംപസുകളിലെ ലഹരി ഉപയോ​ഗം തടയാമെന്നതാണ് യോ​ഗത്തിന്റെ അജണ്ട.

സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോ​ഗവും റാ​ഗിങ് കേസുകളും വർധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെലഹരി പദാർഥങ്ങളുടെ ഉപഭോ​ഗവും റാ​ഗിങ്ങും തടയുന്നതിനായി സംസ്ഥാനത്തെ കോളേജുകളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. അധ്യാപകർ, വിദ്യാർഥികൾ, പൊലീസ്, രക്ഷിതാക്കൾ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധി എന്നിവർ ഉൾപ്പെടുന്നതാണ് ​ഗ്രൂപ്പ്. എസ്പിയുടെ നേതൃത്വത്തിലാകും ​ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക.

ലഹരിവ്യാപനത്തിനെതിരെ അതിവിപുലമായ ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കും എന്ന് സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചിരുന്നു. കേരളം ലഹരി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമല്ലെന്നും സിന്തറ്റിക്ക് ലഹരിയുടെ ഉറവിടമല്ലെന്നുമാണ് മന്ത്രി പറയുന്നത്. ലഹരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധത വളർത്തി എടുക്കുക എന്നത് സമൂഹത്തിൻ്റെ ആകെ ഉത്തരവാദിത്തമാണെന്നും 'വിമുക്തി' പോലൊരു ഇടപെടൽ നടത്തുന്നത് കേരള എക്സൈസിൻ്റെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുയിടങ്ങൾ വർധിപ്പിച്ചാൽ ലഹരി കേന്ദ്രങ്ങൾ തടയാൻ കഴിയുമെന്നാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്. ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലേക്ക് ആളുകളെ എത്തിക്കണമെന്നും പല സ്ഥലങ്ങളിലും ആ പ്രവർത്തനം വിജയിച്ചുവെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com