
കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ലഹരി സംഘം വളർന്ന് വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി സംഘം സ്കൂളുകളെ ലക്ഷ്യമിടുന്നു. അധ്യാപകരും-പി.ടി.എയുമൊക്കെ ഇത് ഗൗരവമായി കാണണം. ചിലപ്പോൾ ഒരു കുഞ്ഞാവാം ലഹരിയിൽ പെട്ട് പോയതെങ്കിൽ കൂടി അതിനെ സാരമില്ലന്ന് കരുതി വിട്ടുകളയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം രഹസ്യമാക്കി വെയ്ക്കരുതെന്നും ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. നാടിനെ തകർക്കലാണ് ഇവരുടെ ശ്രമം. ഇവരെ പ്രതിരോധിക്കാൻ നാട് ഒന്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.