
കോഴിക്കോട് ജില്ലയിൽ വീണ്ടും ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് വേട്ട. കണ്ണൂരിൽ നിന്നും കാറിൽ കടത്തിയ 27 ഗ്രാം എംഡിഎംഎ പിടികൂടി. ബീച്ച് റോഡിന് സമീപത്ത് നിന്നാണ് യുവതികൾ ഉൾപ്പെടെ നാല് പേരെ എക്സൈസ് പിടികൂടിയത്.
കോഴിക്കോട് സിറ്റി ഡാൻസാഫിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 27 ഗ്രാം എംഡിഎംഎ പിടികൂടിയത്. കണ്ണൂരിൽ നിന്നും കാറിൽ വില്പനയ്ക്ക് എത്തിച്ചതായിരുന്നു എംഡിഎംഎ. ബീച്ച് റോഡിന് സമീപം ആകാശവാണിക്ക് മുമ്പിൽ വെച്ച് കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് ലഹരിക്കടത്ത് സംഘത്തെ പിടികൂടുകയായിരുന്നു. കണ്ണൂർ എളയാവൂർ സ്വദേശി അമർ, കതിരൂർ സ്വദേശിനി ആതിര, പയ്യന്നൂർ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ എളയാവൂർ സ്വദേശി അമറാണ് ലഹരി സംഘത്തിൻ്റെ നേതാവ്. എംഡിഎംഎ വിൽപ്പനക്കാരൻ ആണെന്ന് മനസ്സിലാവാതിരിക്കാൻ സ്ത്രീകളെയും കൂടെ കൂട്ടിയാണ് അമറിൻ്റെ മയക്കുമരുന്ന് വിൽപ്പന. സ്വകാര്യ ഇലക്ട്രോണിക്സ് സ്ഥാപനത്തിൻ്റെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു അമർ. ഇതിനിടെയാണ് ലഹരി കച്ചവടത്തിലേക്ക് തിരിയുന്നത്. സ്കൂൾ അധ്യായന വർഷം ആരംഭിക്കാനിരിക്കെ നഗരത്തിലെ മാളുകൾ, ബീച്ചുകൾ, ടറഫുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവയെല്ലാം ഡാൻസാഫ് സംഘത്തിൻ്റെ പ്രത്യേക നിരീക്ഷണത്തിലാണ്.