
സംസ്ഥാനത്ത് സ്കൂൾ കുട്ടികളിൽ നിന്ന് പിടിച്ചെടുക്കുന്നത് അതിമാരക രാസലഹരികൾ.പേരുകളില്ലാത്ത ഗുളികകളും ഈ പട്ടികയിലുണ്ടെന്ന് എക്സൈസ് വകുപ്പ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രതികളായത് ആലപ്പുഴ ജില്ലയിലാണ്. അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കിൽ സംസ്ഥാനത്തെ NDPS കേസുകളിലുണ്ടായത് ഞെട്ടിപ്പിക്കുന്ന ഇരട്ടിപ്പ്. വ്യക്തമായ കണക്കുകൾ സഹിതം ന്യൂസ് മലയാളം പുറത്തുവിടുന്നു.
2020 മുതൽ 2025 ഫെബ്രുവരി വരെ കേരളത്തിൽ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ പ്രതികളായ ആകെ ലഹരികേസുകളുടെ എണ്ണം 1,822. ഇതിൽ 769 കേസുള്ളത് ആലപ്പുഴയിലാണ്. 679 എണ്ണവുമായി പത്തനംതിട്ട ജില്ലയാണ് രണ്ടാമൻ. 179 കേസുകൾ കോട്ടയത്തും, 147 എണ്ണം തൃശൂരും, പാലക്കാട് 8 ഉം, തിരുവനന്തപുരത്ത് 5 ഉം, കൊല്ലത്ത് രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിദ്യാർഥികൾ ഉൾപ്പെട്ട ലഹരിക്കേസുകൾ ഇല്ലെന്നാണ് എക്സൈസിൻ്റെ മറുപടി. ഇനിയാണ് ഞെട്ടിക്കുന്ന വിശദാംശങ്ങൾ. പ്രായപൂർത്തിയാകാത്ത ഇവരിൽ നിന്ന് പിടിച്ചെടുത്തതെല്ലാം മാരക രാസലഹരികളാണ്. സ്പാസ്‌മോ പ്രോക്സിവോൺ, നൈട്രോസെപ്പാം, മെതാംഫിറ്റാമിൻ, അംഫിറ്റാമിൻ, ഒപ്പിയം, ഹാഷിഷ് ഓയിൽ, ഹെറോയിൻ, ബ്രൗൺ ഷുഗർ, എംഡിഎംഎ, എൽഎസ്ഡി തുടങ്ങി പേരില്ലാത്ത ഗുളികകൾ വരെയുണ്ട് പിടികൂടിയവയിൽ.
ഇനി 18 മുതൽ 35 വയസുവരെയുള്ള യുവാക്കൾ പ്രതിയായ NDPS കേസുകളുടെ എണ്ണം നോക്കാം. 19,789 കേസുകളാണ് 2020 മുതൽ 2025 ഫെബ്രുവരി വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2,500 കേസുകളെടുത്ത കോട്ടയം ജില്ലയാണ് ഒന്നാമത്. 2,166 കേസുകൾ കണ്ണൂരും, 2117 കേസുകൾ കൊല്ലത്തുമാണ്.
കാസർഗോഡ് മാത്രമാണ് നൂറിൽ താഴെ കേസുകളുള്ളത്. സംസ്ഥാനത്ത് ലഹരി കേസുകൾ കൂടുന്നുവെന്നതിന് തെളിവുകൂടി പറയാം. എക്സൈസ് വകുപ്പ് 2020 ൽ 3667 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2021 ൽ അത് 3922 ആയി. 2022 ൽ കേസുകൾ ഇരട്ടിയായി, 6116. 2023 ൽ 8104, 2024 ൽ 8160, 2025 ഫെബ്രുവരി മാസം വരെ രജിസ്റ്റർ ചെയ്തത് 1883 NDPS കേസുകൾ.