താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിൻ്റെ ആക്രമണം; ടൂറിസ്റ്റ് ഹോം ജീവനക്കാരനു നേരെ വാള്‍ വീശി; തടയാൻ ശ്രമിച്ച സുഹൃത്തിൻ്റെ കൈ തല്ലിയൊടിച്ചു

താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെയായിരുന്നു ആക്രമം
താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിൻ്റെ ആക്രമണം; ടൂറിസ്റ്റ് ഹോം ജീവനക്കാരനു നേരെ വാള്‍ വീശി; തടയാൻ ശ്രമിച്ച സുഹൃത്തിൻ്റെ കൈ തല്ലിയൊടിച്ചു
Published on

കോഴിക്കോട് താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിൻ്റെ ആക്രമണം. ടൂറിസ്റ്റ് ഹോം ജീവനക്കാരനു നേരെ സംഘം വാളു വീശി. തടയാൻ ശ്രമിച്ച സുഹൃത്തിൻ്റെ കൈ തല്ലിയൊടിച്ചു. താമരശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെയായിരുന്നു ആക്രമം.


കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് താമരശേരി കാരാടിയിലെ ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് ലഹരി സംഘം അഴിഞ്ഞാടിയത്. അഞ്ചംഗ സംഘം ടൂറിസ്റ്റ് ഹോം മുറ്റത്ത്    മദ്യപിക്കുകയായിരുന്നു. ഇത് സിസിടിവിയിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ജീവനക്കാരനെത്തി ടൂറിസ്റ്റ് ഹോം പരിസരത്ത് മദ്യപിക്കരുതെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ അക്രമിസംഘത്തിലെ ഒരാൾ സ്കൂട്ടറിൻ്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചു വെച്ച നീളം കൂടിയ വാൾ എടുത്ത് ടൂറിസ്റ്റ് ഹോം ജീവനക്കാരനായ അൻസാറിനു നേരെ വീശുകയായിരുന്നു.

ഇതു കണ്ട് പിടിച്ചു മാറ്റാൻ എത്തിയ തച്ചംപൊയിൽ സ്വദേശി മുഹമ്മദ് ലബീബിൻ്റെ കൈ ആക്രമിസംഘം സ്റ്റീൽ പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു. ടൂറിസ്റ്റ് ഹോമിലെ കമ്പ്യൂട്ടറിൻ്റെ സോഫ്റ്റ് വെയർ പ്രശ്നം പരിഹരിക്കാനായി എത്തിയതായിരുന്നു ലബീബ്. ഒരു പിക്കപ്പ് വാനിലും, ഇരുചക്ര വാഹനങ്ങളിലുമായാണ് ആക്രമിസംഘം എത്തിയത്.


പരുക്കേറ്റ ലബീബ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഉടൻ തന്നെ താമരശ്ശേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന്, ആയുധമടക്കം ആക്രമത്തിന് ഉപയോഗിച്ച വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. താഴേക്ക് നീട്ടുമ്പോൾ നീണ്ടു വരികയും, പിന്നീട് ഫോൾഡ് ചെയ്ത് ഉപയോഗിക്കാനും കഴിയുന്ന വാളാണ് ആക്രമത്തിന് ഉപയോഗിച്ചത് . സിദ്ദീഖ്, ജുനൈദ്, ആഷിഖ് എന്നിങ്ങനെ മൂന്ന് പേരെ ജീവനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്നും ജീവനക്കാർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com