ലഹരി മാഫിയയെ കുറിച്ച് വെളിപ്പെടുത്തിയതിനു പിന്നാലെ ക്രൂരമര്‍ദനം; പരാതിയുമായി യുവാവ്

മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് പരാമര്‍ശിച്ചായിരുന്നു മര്‍ദനമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നിസാം പറഞ്ഞു
ലഹരി മാഫിയയെ കുറിച്ച് വെളിപ്പെടുത്തിയതിനു പിന്നാലെ ക്രൂരമര്‍ദനം; പരാതിയുമായി യുവാവ്
Published on

മലപ്പുറത്ത് ലഹരി മാഫിയയെ കുറിച്ച് തുറന്നു പറഞ്ഞ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. വളാഞ്ചേരി സ്വദേശി നിസാമിനാണ് ലഹരിമാഫിയയുടെ മര്‍ദനമേറ്റത്. കഴിഞ്ഞയാഴ്ചയാണ് ലഹരി ഉപയോഗത്തെ കുറിച്ച് നിസാം സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ലഹരി മാഫിയയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചും ലഹരി ഉപയോഗത്തെ കുറിച്ചും സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതിനാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. നാട്ടുകാരന്‍ കൂടിയായ അന്‍സാറാണ് മര്‍ദിച്ചതെന്നാണ് നിസാം പറയുന്നത്. മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് പരാമര്‍ശിച്ചായിരുന്നു മര്‍ദനമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നിസാം പറഞ്ഞു. നിസാമിന്റെ കൈക്കും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. ലഹരി മാഫിയ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും നിസാം പറയുന്നു.

അതേസമയം, ലഹരി മാഫിയയോ വെളിപ്പെടുത്തലോ അല്ല മര്‍ദ്ദനത്തിനു കാരണമെന്നാണ് നിസാമിന്റെ പരാതിയില്‍ ആരോപണ വിധേയനായ അന്‍സാര്‍ പറയുന്നത്. സുഹൃത്ത് വഴി നിസാമിന് തന്റെ വാഹനം അന്‍സാര്‍ ലീസിന് നല്‍കിയിരുന്നു. എന്നാല്‍, വാഹനം പൊലീസ് പിടിച്ചതോടെ നിസാമിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. ഇതേതുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് അന്‍സാറിന്റെ വാദം.

എംഡിഎംഎ ലഹരിക്ക് അടിമയായിരുന്ന നിസാം പിന്നീട് അതില്‍ നിന്നെല്ലാം മുക്തനായ ശേഷം കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് ലഹരി ഉപയോഗത്തെ കുറിച്ചും ലഹരി മാഫിയയെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഇതുവഴിയാണ് നിസാം വാര്‍ത്താമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com