

തൃശൂർ അതിരപ്പിള്ളിയിൽ മദ്യലഹരിയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മധ്യവയസ്കനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. വെള്ളിക്കുളങ്ങര ശാസ്താപൂവ്വം സ്വദേശി സത്യനാണ് മരിച്ചത്. ബന്ധുവായ ചന്ദ്രമണിയെ വെറ്റിലപ്പാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് സ്ത്രീകൾക്കും ഗുരുതമായി പരുക്കേറ്റു.
വെള്ളിക്കുളങ്ങര ശാസ്താപൂവ്വം സ്വദേശികളായ സത്യൻ, ചന്ദ്രമണി, സഹോദരൻ രാജാമണി എന്നിവർ ഭാര്യമാർക്കൊപ്പം ഇന്ന് ഉച്ചയോടെയാണ് അതിരപ്പള്ളിയിലെ വനമേഖലയിലെത്തിയത്. വനവിഭവങ്ങൾ ശേഖരിച്ച് തിരികെ മടങ്ങുന്നതിനിടെ മദ്യലഹരിയിൽ ആയിരുന്ന പുരുഷന്മാർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഉണ്ടായ തർക്കം പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
ഇതിനിടയിലാണ് രാജാമണി ബന്ധുവായ സത്യനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. സംഘർഷത്തിൽ സത്യന്റെ ഭാര്യ മായ, രാജാമണിയുടെ ഭാര്യ ലീല എന്നിവർക്കും വെട്ടേറ്റു. അതിരപ്പള്ളി പഞ്ചായത്തിലെ കണ്ണംകുഴിയോട് ചേർന്ന് വനത്തിനുള്ളിൽ വൈകിട്ട് ആറരയോടെ നടന്ന സംഭവം ഏറെ വൈകിയാണ് പുറംലോകം അറിയുന്നത്.
പൊലീസും വനപാലകരും നാട്ടുകാരും പിന്നീട് ഇവിടെ എത്തിയപ്പോഴാണ് ചോര വാർന്ന് സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ ലീലയെയും മായയെയും പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ മായയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണം നടത്തിയ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി സത്യന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് ചാലക്കുടി ഡിവൈഎസ്പി അറിയിച്ചു.