
സംസ്ഥാനത്തെ ആരോഗ്യരംഗം മികച്ചതാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പരിമിതികൾക്ക് നടുവിലാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. വൈദ്യുതി ഇല്ലാത്തതിനാൽ 19 ശസ്ത്രക്രിയകളാണ് കഴിഞ്ഞദിവസം മാറ്റിവയ്ക്കേണ്ടി വന്നത്. അവശ്യ മരുന്നുകളുടെ ദൗർലഭ്യവും തിരിച്ചടിയാണ്.
അത്യാധുനിക സൗകര്യങ്ങൾ ഓരോന്നായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ നടപ്പാക്കുന്നുവെന്നാണ് സർക്കാർ വാദം. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ഇല്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ദിവസം നടത്താനിരുന്ന 19 ശസ്ത്രക്രിയകളാണ് വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് മാറ്റിവെക്കേണ്ടി വന്നത്. കനത്തമഴയിൽ ജില്ലാ ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം തകരാറിലാവുകയായിരുന്നു. അടുത്ത ദിവസമാണ് ഇത് പുനഃസ്ഥാപിച്ചത്. ശസ്ത്രക്രിയാ മുറിയിലെ അണുവിമുക്ത യന്ത്രം പ്രവർത്തിക്കാൻ ഹൈ വോൾട്ടേജ് വൈദ്യുതി ആവശ്യമാണ്. നിലവിൽ ആശുപത്രിയിലുള്ള ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി മുഴുവനായി ഉപയോഗിച്ചാൽ മാത്രമേ യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയൂ. അങ്ങനെ വന്നാൽ ജില്ലാ ആശുപത്രിയിലെ മറ്റു ഭാഗത്തേക്ക് വൈദ്യുതി നൽകാനാവില്ല. ഈ സാങ്കേതിക തടസ്സം കണക്കിലെടുത്താണ് ശസ്ത്രക്രിയകൾ മാറ്റി വയ്ക്കാൻ അധികൃതർ തയ്യാറായത്. ജില്ലയുടെ പല ഭാഗത്തുനിന്നായി ദിവസങ്ങൾക്ക് മുൻപേ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തിയ രോഗികളാണ് നിരാശരായി മടങ്ങിയത്. ഇതിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരും ഉൾപ്പെടുന്നു. ഇവർക്ക് ശസ്ത്രക്രിയ നടത്താനുള്ള തീയതി പുതുക്കി നൽകി. പലർക്കും ലഭിച്ചിരിക്കുന്ന തീയതി ആഴ്ചകൾക്ക് ശേഷമാണ്. മരുന്നുകളുടെ ദൗർലഭ്യവും തിരിച്ചടിയാണ്. അതോടൊപ്പം നിരവധി പ്രതിസന്ധികൾ ഉള്ളതിനാൽ പ്രസവ ശസ്ത്രക്രിയയും ഇവിടെനിന്നും ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.