
സംസ്ഥാനത്തെ ട്രഷറി സേവിങ്‌സ് ഇടപാടുകളില്‍ തടസമുണ്ടാകാന്‍ കാരണം സാങ്കേതിക തകരാറെന്ന് ആർബിഐ അറിയിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി ട്രൻസ്‌ഫർ ചെയ്‌ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ് ആകാത്തത് ആർബിഐ നെറ്റ്‌വർക്കിലെ തടസം മൂലമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ടിഎസ്‌ബി അക്കൗണ്ട് ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത് റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള ഇ-കുബേർ സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ആർബിഐ പണിമിടപാടുകൾ കൈകാര്യം ചെയ്യുന്ന നെറ്റുവർക്കായ ഇ-കുബേറിൻ്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഓൺലൈൻ ട്രാൻസ്‌ഫറുകളിൽ പണം ക്രഡിറ്റ് ചെയ്യാപ്പെടാത്തതെന്നാണ് ബാങ്കിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചത്. ടിഎസ്‌ബി അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി പണം കൈമാറ്റം ചെയ്യുന്നതിന് തടസം നേരിടുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രഷറി വകുപ്പും സർക്കാരും ആർബിഐ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടികൾ റിസര്‍വ് ബാങ്ക് സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം 9 ാം തീയതി മുതൽ ട്രഷറി ഓൺലൈൻ പണമിടപാടുകളിൽ തടസം നേരട്ടിരുന്നു. ട്രഷറികളിൽനിന്ന് ബാങ്കുകൾ വഴിയുള്ള പണമിടപാടാണ് പ്രധാനമായും തടസപ്പെട്ടത്. ഇ-കുബേർ സംവിധാനത്തിലെ സാങ്കേതിക തടസമാണ് കാരണമെന്ന് ട്രഷറി വകുപ്പ് നേരത്തേ തന്നെ വിശദീകരിച്ചിരുന്നു. അതേ സമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ഈ സാഹചര്യത്തിൽ ട്രഷറിയിൽനിന്നുള്ള പണ വിതരണം നീട്ടിവയ്ക്കാനാണ് സെർവർ തകരാർ പോലുള്ള പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.