
പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരായ ആരോപണങ്ങളിൽ പി.വി. അൻവർ എംഎൽഎയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഉത്തരം താങ്ങുന്നത് താനെന്ന് കരുതുന്ന പല്ലിയാണ് അൻവറാണെന്നായിരുന്നു വി.കെ. സനോജിൻ്റെ പരിഹാസം. ഇത്തരം പല്ലികളെ ഒരുപാട് കണ്ടിട്ടുണ്ടെന്നും കെട്ടിടം വീഴ്ത്താൻ ഉത്തരത്തിൽ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രമെന്നും സനോജ് പറഞ്ഞു.
സനോജിൻ്റെ കുറിപ്പിൻ്റെ പൂർണ രൂപം
താൻ താങ്ങി നിർത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നിൽക്കുന്നതെന്ന തോന്നൽ പല്ലിക്കുണ്ടാകാം. താൻ കൈവിട്ടാൽ ഉത്തരം താഴെവീഴുമെന്നുമത് കരുതിയേക്കാം. ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ട്. കെട്ടിടം വീഴ്ത്താൻ ഉത്തരത്തിൽ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം. ഉത്തരം അന്നുമിന്നും ഇവിടെയുണ്ട്. നാളെയും അതിങ്ങനെ ഉയർന്നു നിൽക്കും. കെട്ടിടത്തിന്റെ ബലം ഈ മണ്ണിൽ കെട്ടിയ അടിത്തറയാണ്. ഉത്തരത്തിലെ പല്ലികളല്ല.
മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അര്‍ഹതയില്ലെന്നും അൻവർ പറഞ്ഞു. പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ലൈൻ. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണെന്നും ഗോവിന്ദന്‍ മാഷിന്‍റെ കാര്യം ഇതാണെങ്കില്‍
മറ്റു സഖാക്കളുടെ കാര്യം എന്തായിരിക്കുമെന്നും അൻവർ ചോദിച്ചു.
അൻവറിൻ്റെ ആരോപണത്തിൽ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ എംഎൽഎയിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളല്ല അൻവറിൽ നിന്നുമുണ്ടാകുന്നതെന്നും എംഎൽഎയുടെ പ്രസ്താവനകളിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നുമായിരുന്നു സിപിഎം നേതാവ് എ. വിജയരാഘവൻ്റെ പ്രസ്താവന. ഒപ്പം പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അൻവർ ഇപ്പോൾ ഉയർത്തിയിരിക്കുന്നതെന്നും അനാവശ്യ പ്രതികരണം ഒഴിവാക്കണമെന്ന നിർദേശം ലംഘിച്ച അൻവറിന് വിശദമായി മറുപടി പിന്നീട് നൽകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം അൻവർ ശത്രുക്കളുടെ കയ്യിൽ കിടന്ന് കളിക്കുകയാണെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞത്. മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അന്ന് വ്യക്തമാക്കിയത് പാർട്ടി നിലപാടാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.