
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ജീവനക്കാർക്ക് തിളച്ച ചായ നൽകി പ്രതിഷേധം. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ വിദ്യാർഥി ബസിൽ നിന്നും തെറിച്ചു വീണതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. മുടവൂർ സ്വദേശി അർജുൻ ആണ് മൂവാറ്റുപുഴയിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷനു സമീപം സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണത്.
കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. അർജുൻ വീണതറിഞ്ഞിട്ടും ബസ് നിർത്തിയില്ലെന്നും ആരോപണമുണ്ട്. പട്ടിമറ്റം മുതൽ സ്വകാര്യ ബസ് കെഎസ്ആർടിസി ബസുമായി മത്സരയോട്ടത്തിലായിരുന്നുവെന്ന് അർജുൻ പറഞ്ഞു. ബസുകളുടെ മത്സരയോട്ടം പതിവായ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ ചൂടൻ പ്രതിഷേധം. ചൂട് ചായ മുഴുവൻ ഊതി കുടിച്ചതിനു ശേഷം മാത്രമേ ബസ് പോകാൻ അനുവദിക്കൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
ഇതിനിടെ പൊലീസ് ഇടപെട്ടു. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകർ പിന്മാറാൻ വിസമ്മതിച്ചതോടെ ബസ് ജീവനക്കാർ ചായ കുടിക്കുവാൻ നിർബന്ധിതരായി. ബസുകളുടെ മത്സരയോട്ടത്തിൽ ജീവൻ പൊലിയുമ്പോൾ മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവുന്നത്. സംഭവങ്ങളുടെ ചൂടാറുന്നതോടെ വീണ്ടും ബസുകൾ പഴയപടി തുടരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.