
കോണ്‍ഗ്രസ് നേതാവ് പി. സരിന്റെ ഇടത് സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നതിനിടയിൽ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. 'പൂത്ത ബ്രെഡ് പാലക്കാട് ചെലവാകില്ല' എന്നാണ് ഫെയ്‌സ്ബുക്കില്‍ സനോജ് കുറിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി പി. സരിന്‍ മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് സനോജിന്റെ പോസ്റ്റ്. സരിന്റെ ഇടത് സ്ഥാനാർഥിത്വം സിപിഎം നേതാക്കളുൾപ്പടെ തള്ളാത്ത സാഹചര്യത്തിലാണ് വി.കെ. സനോജിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തത വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സരിന് മുന്നിൽ വാതിൽ കൊട്ടിയടക്കില്ലെന്ന സൂചനയാണ് എം.വി. ഗോവിന്ദൻ നൽകിയത്. സരിൻ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കിയാൽ മാത്രമെ വിഷയം പാർട്ടി ചർച്ച ചെയ്യൂ. കോൺഗ്രസ് വിട്ടത് കൊണ്ട് മാത്രം സരിനെ സ്ഥാനാർഥിയാക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയും സരിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച സൂചന നൽകിയിരുന്നു.
കോണ്‍ഗ്രസിനെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ പി. സരിന്‍ മാധ്യങ്ങള്‍ക്ക് മുന്നിലെത്തിയത്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നം. ഉള്‍പാര്‍ട്ടി ജനാധിപത്യം തകരാന്‍ പാടില്ല. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ കുറച്ചു പേരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.