ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യം, എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം: ഇ.പി. ജയരാജന്‍

ആ സ്ത്രീകളെ ഇവിടെ കൊണ്ടുവന്ന് ഇരുത്തിയിട്ടുള്ള അനാവശ്യമായ സമരം രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി ചിലരുടെ ബുദ്ധിയില്‍ നിന്ന് ഉദിച്ചു വന്നതാണെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യം, എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം:  ഇ.പി. ജയരാജന്‍
Published on


ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജന്‍. ആശ വര്‍ക്കര്‍മാരുടേത് സേവന മേഖലയായിരുന്നു. ആദ്യം അവര്‍ക്ക് ഓണറേറിയം പോലും നല്‍കിയിരുന്നില്ല. അവരുടെ വേതനവും ആനൂകല്യങ്ങളും വര്‍ധിപ്പിച്ച് 7000 രൂപയിലേക്കെത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

'ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കൊണ്ടു പോയി ഇരുത്തി അനാവശ്യമായി സമരം ഉണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്. അവരെ ബുദ്ധിമുട്ടിച്ച് ഇത്തരം ഒരു തെറ്റായ സമരത്തിലേക്ക് കൊണ്ടുപോയ നേതാക്കളോട് പോയി പറയൂ, ഇത് അവസാനിപ്പിക്കാൻ. അവര്‍ക്ക് ജോലി ചെയ്യാനും അതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും പൊതുവായി ഉന്നയിക്കുന്ന താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഈ സര്‍ക്കാര്‍ ഉണ്ടാകും. അതുകൊണ്ട് എത്രയും പെട്ടെന്ന് അവര്‍ ചെയ്യേണ്ടത് സമരം അവസാനിപ്പിക്കണം എന്നതാണ്,' ഇ.പി. ജയരാജന്‍ പറഞ്ഞു.

ആ സ്ത്രീകളെ ഇവിടെ കൊണ്ടുവന്ന് ഇരുത്തിയിട്ടുള്ള അനാവശ്യമായ സമരം രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി ചിലരുടെ ബുദ്ധിയില്‍ നിന്ന് ഉദിച്ചു വന്നതാണെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ അടക്കം 13,000 രൂപ കിട്ടുന്നതിന് കാരണം ഇടതുപക്ഷമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദേശാഭിമാനി മുഖപ്രസംഗത്തിലും ആശ വര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനാണ് ഉത്തരവാദിത്തം എന്ന് അറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് സമരം എന്നായിരുന്നു മുഖ പ്രസംഗത്തില്‍ പറഞ്ഞത്.

സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നു. ഈ വിഷയത്തില്‍ സമര നേതൃത്വം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം മറച്ചു പിടിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

ഒരു മാസത്തിലേറെയായി തുടരുന്ന ആശമാരുടെ സമരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കണക്കിലെടുത്തിട്ടില്ല. കേന്ദ്രമാണ് ഓണറേറിയം വര്‍ധിപ്പിക്കേണ്ടതെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇടതുപക്ഷവും സര്‍ക്കാരും. ആശമാരുടെ സമരത്തില്‍ ഉന്നയിക്കുന്ന വിഷയം പരിഗണിക്കേണ്ടതാണെന്നും എന്നാല്‍ കേന്ദ്രമാണ് വിഷയത്തില്‍ ഇടപെടേണ്ടതെന്നും മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയും പറഞ്ഞിരുന്നു.

വയനാട് പുനരധിവാസമടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചെങ്കിലും ആശമാരുടെ സമരം ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നില്ല. ഇതിനെതിരെ ആശമാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com