
മ്യാൻമറിലും തായ്‌ലൻഡിലുമായി കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഭൂചലനങ്ങളിൽ പൊലിഞ്ഞത് 1644 ജീവനുകളെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 3,400 പേർക്കും പരിക്കേറ്റിട്ടുണ്ടെന്ന് മ്യാൻമർ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ശനിയാഴ്ച വൈകീട്ട് റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
139 പേരെ കാണാതായെന്നും മ്യാൻമർ ഭരണകൂടം അറിയിച്ചു. പതിനായിരക്കണക്കിന് പേർ ഭൂകമ്പത്തിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേ പുറത്തുവിടുന്ന റിപ്പോർട്ട്. വെളളിയാഴ്ച അർധരാത്രിയോടെ മ്യാൻമറിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. തുടർചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
മ്യാൻമറിന് പിന്നാലെ തായ്‌ലാൻഡിലെ ബാങ്കോക്കിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബാങ്കോക്കിലെ ചാറ്റുഹാക്കിൽ ബഹുനില കെട്ടിടത്തിനടിയിൽപ്പെട്ട് കാണാതായ 15 പേർക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതായി തായ് അധികൃതർ അറിയിച്ചു. തകർന്ന കെട്ടിട ഭാഗങ്ങൾ എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയാണ് അധികൃതർ അറിയിച്ചിരുന്നു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ദുരിതാശ്വാസ സഹായമെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ആണ് കൈമാറുക. ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങിയവ കൈമാറുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലേക്ക് തിരിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്രസംഘടനയും ചൈനയും മ്യാന്‍മാറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.