സാമ്പത്തിക സർവേ റിപ്പോർട്ട്; വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ

ദാരിദ്ര്യ സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്‌
ധനമന്ത്രി കെ എൻ ബാലഗോപാൽ
ധനമന്ത്രി കെ എൻ ബാലഗോപാൽ
Published on

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിനെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രാജ്യത്തിന്റെ കട ബാധ്യത ഉയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് മിണ്ടാട്ടമില്ലെന്ന് മന്ത്രി വിമര്‍ശിച്ചു. ഇന്ത്യയിലെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഉല്‍പാദന മുരടിപ്പ് തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്തിന്റെ പിന്നോക്കാവസ്ഥയാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 9.36 ശതമാനമാണെന്ന് ജൂണിലെ വിവിധ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും വിലക്കയറ്റമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശവാദം.

ദാരിദ്ര്യ സൂചികയില്‍ 125 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 111 ആണ്. 67 ലക്ഷം കുട്ടികള്‍ക്ക് ദിവസം ഒരു നേരം പോലും ഭക്ഷണം കിട്ടാത്ത രാജ്യമാണ് ഇന്ത്യയെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പഠനത്തില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം 6.5 മുതല്‍ ഏഴ് ശതമാനംവരെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. ആഗോള സാമ്പത്തിക വളര്‍ച്ച 3.2 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്.

കഴിഞ്ഞവര്‍ഷം 8.2 ശതമാനം വളര്‍ച്ച നേടി എന്ന അവകാശവാദത്തിന് സാധൂകരണം നല്‍കുന്ന വസ്തുതകളൊന്നും മുന്നോട്ടുവയ്ക്കുന്നുമില്ല. രാജ്യത്തിന്റെ കട ബാധ്യത ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് മിണ്ടാട്ടമില്ല. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ 51.7 ശതമാനമായിരുന്നു 2011-21 ലെ കടം. നിലവില്‍ അത് 56 ശതമാനമായി ഉയര്‍ന്നു. ഇതേ സാഹചര്യത്തില്‍ അക്കൗണ്ടന്റ് ജനറലിന്റെ അവസാനത്തെ കണക്കുപ്രകാരം കേരളത്തിന്റെ കടം ആഭ്യന്തര ഉല്‍പാദനത്തിന്റെ 33.09 ശതമാനം മാത്രമാണ്. എന്നിട്ടാണ് കേരളം കടക്കെണിയിലാണെന്ന ദുഷ്പ്രചാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com