
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് വ്യവസായി നീരവ് മോദിയുടെ 29.75 കോടി വരുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 6,498.20 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം നടത്തി വരികയാണ്. 1988ലെ അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
'അന്വേഷണം നടക്കുന്ന സമയമായതിനാല്‍ നീരവ് മോദിയുടെയും അദ്ദേഹത്തിന്റെ ബാങ്കിലെ പണം, സ്ഥലം, കെട്ടിടം, ഇന്ത്യയിലെ കമ്പനികള്‍ എന്നിവ 2002ലെ പിഎംഎല്‍എ ആക്ട് പ്രകാരം കണ്ടുകെട്ടുന്നു,' ഇഡി പ്രസ്താവനയില്‍ പറയുന്നു. നേരത്തെ നീരവ് മോദിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള 2596 കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇപ്പോള്‍ കണ്ടുകെട്ടിയ സ്വത്തുക്കളും ഇതിനോടൊപ്പം ചേര്‍ക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മേദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് പ്രധാന പ്രതികള്‍. നീരവ് മോദി നിലവില്‍ യുകെയില്‍ തടവിലാണ്. നീരവ് മോദിയെ ഇന്ത്യയ്ക്ക് കാമാറാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഈ വര്‍ഷം ആദ്യവും ജാമ്യം ലഭിക്കുന്നതിനായി നീരവ് മോദി യുകെ കോടതിയെ സമീപിച്ചെങ്കിലും ഏഴാം തവണയും ജാമ്യം ലഭിച്ചില്ല.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായതോടെ നീരവ് മോദി ഒളിവില്‍ പോവുകയായിരുന്നു. ഇതിന് പിന്നാലെ ലണ്ടനില്‍ വെച്ച് നീരവ് പിടിക്കപ്പെട്ടു. ഈടില്ലാതെ വിദേശ വായ്പകള്‍ സുരക്ഷിതമാക്കാന്‍ കഴിയുന്ന വ്യജ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് സമ്പാദിച്ച് ബാങ്കിനെ വഞ്ചിച്ചുവെന്നാണ് കേസ്.
നീരവ് മോദി, അമ്മാവനും ബിസിനസ് പങ്കാളിയായ മെഹുല്‍ ചോക്‌സി, നീരവിന്റെ പങ്കാളി ആമി, സഹോദരന്‍ നിഷാല്‍ എന്നിവര്‍ ചേര്‍ന്ന് ബാങ്കിനെ പറ്റിച്ച് 280 കോടിയോളം രൂപയാണ് തട്ടിയെടുത്തത്. ബാങ്ക് നടത്തിയ പരിശോധനയിലാണ് തട്ടിപ്പു വിവരങ്ങള്‍ പുറത്തുവന്നത്.