
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 10 കോടി 98 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. എൻഫോഴ്സ്മെൻ്റ് കൊച്ചി സോണൽ ഓഫീസാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. പിഎംഎൽഎ ആക്ട് പ്രകാരമാണ് ഇ.ഡിയുടെ നടപടി. 24 വസ്തുക്കളും ഒരു വാഹനവും ആണ് കണ്ടുകെട്ടിയത്. കരുവന്നൂർ കേസിൽ ഇതുവരെ 128.72കോടി രൂപയുടെ കണ്ടുകെട്ടലുകളാണ് നടന്നിട്ടുള്ളത്.
കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പിഎംഎൽഎ നിയമത്തിൽ ഇത് പറയുന്നില്ലെന്നും, നിയമത്തിലില്ലാത്തതാണ് ഇത്തരം നടപടിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആയതിനാൽ കേസുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ടു കെട്ടരുതെന്നും കോടതിയുടെ നിർദേശിച്ചു.
2014 ലാണ് കേസിനാസ്‌പദമായ സംഭവം. കരുവന്നൂർ ബാങ്കിൽ നിന്നും ഹർജിക്കാരനും ബിസിനസ് പങ്കാളിയും ചേർന്ന് 3.49 കോടിയുടെ അനധികൃത വായ്പ തരപ്പെടുത്തിയെന്നതായിരുന്നു കേസ്. നിക്ഷേപ തട്ടിപ്പ് കേസിൽ 2021 ജൂലൈ 21ന് ക്രൈംബ്രാഞ്ചും, 2022 ഓഗസ്റ്റ് 10ന് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.