അനധികൃതമായ വാതുവെപ്പ് ആപ്പുകളുടെ പ്രചരണം നടത്തിയതിന് ഇഡി കേസ് രജിസ്റ്റർ ചെയ്തു. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി ഉൾപ്പെടെ 29 സെലിബ്രിറ്റികൾക്കെതിരെയാണ് കേസെടുത്തത്. പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി തുടങ്ങിയവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്
വാതുവെപ്പ് ആപ്പുകൾക്ക് പ്രചരണം നൽകിയതിന് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഇഡി നടപടിയെടുത്തിരിക്കുന്നത്. ബിസിനസുകാരനായ ഫനീന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് മിയാപൂര്‍ പൊലീസ് നടപടിയെടുത്തത്.
പ്രണീത, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, വിഷ്ണു എന്നിവരുടെ പേരിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
സെലിബ്രിറ്റികളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ ഈ പ്ലാറ്റ്‍ഫോമുകള്‍ അവരുടെ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്ഐആറില്‍ പരമാർശിച്ചിരുന്നു. 'ഈ നിയമവിരുദ്ധ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ട്, കൂടാതെ ഇത് നിരവധി കുടുംബങ്ങളെ, പ്രത്യേകിച്ച് കുറഞ്ഞ ശമ്പളം പറ്റുന്ന കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നു,' എന്നും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.