കരുവന്നൂരിൽ ഇ.ഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി

ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്
കരുവന്നൂരിൽ ഇ.ഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി
Published on

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത രേഖകൾ ക്രൈബാഞ്ചിന് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന ക്രൈബ്രാഞ്ച് പൂർത്തിയാക്കണണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇ.ഡി പിടിച്ചെടുത്ത രേഖകൾ അന്വേഷണത്തിൻ്റെ ഭാഗമായി വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണ മേധാവിക്ക് രേഖകൾ കൈമാറണം, രേഖകൾ ലഭിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കണം, രണ്ട് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. ഡയറക്ടർ ഓഫ് ഫോറൻസിക് ലാബ്, തൃശൂരിലെ ജോയിൻ്റ് ഡയറക്ടർ ഓഫ് ഫോറൻസിക് ലാബ്, ഫിംഗർ പ്രിൻ്റ് ബ്യൂറോ എന്നിവർ രണ്ട് മാസത്തിനുള്ളിൽ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് ക്രൈബ്രാഞ്ചിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.

കരുവന്നൂർ നിക്ഷേപ തട്ടിപ്പ് കേസിൽ 2021 ജൂലൈ 21ന് ക്രൈംബ്രാഞ്ചും, 2022 ഓഗസ്റ്റ് 10ന് ഇ.ഡിയും അന്വേഷണം ആരംഭിച്ചു. 2022 ഓഗസ്റ്റ് 20നാണ് രേഖകൾ ഇ.ഡി പിടിച്ചെടുത്തത്. ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ക്രൈംബ്രാഞ്ചിന് നേരത്തെ തന്നെ രേഖകൾ പിടിച്ചെടുക്കാൻ കഴിയുമായിരുന്നുവെന്നും, അതിനാൽ രേകഖൾ നൽകാനാവില്ലെന്നുമായിരുന്നു ഇ.ഡിയുടെ നിലപാട്.

ഒരു അന്വേഷണ ഏജൻസി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ രേഖകൾ മറ്റൊരു ഏജൻസിക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാനാകില്ലെന്നും ഇ.ഡി വാദിച്ചിരുന്നു. എന്നാൽ അന്വേഷണത്തിനായി രണ്ട് മാസത്തേക്ക് കൈമാറണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നിലവിൽ രേഖകൾ പി.എം.എൽ.എ കോടതിയുടെ പരിഗണനയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com