
നടന്‍ സൗബിന്‍ ഷാഹിറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഇനിയും സൗബിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.
2024 ഏപ്രിലില്‍ അരൂര്‍ സ്വദേശിയായ സിറാജ് വലിയതര നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍മേലാണ് അന്വേഷണം നടക്കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ ഇഡി നിശ്ചയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഷോണ്‍ ആന്റണിയെ ഇഡി കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 18.65 കോടിയില്‍ നിന്ന് 22 കോടിയായി ഉയര്‍ത്തി, സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള ആരോപണം. വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനായ സിറാജ് സിനിമയുടെ നിര്‍മ്മാണത്തിനായി 7 കോടി രൂപയാണ് നിക്ഷേപിച്ചത്. സിനിമയുടെ ലാഭത്തിന്റെ 40% തനിക്ക് അവകാശപ്പെട്ടതാണ് എന്ന ഉടമ്പടിയിന്മേലായിരുന്നു നിര്‍മാണം. സിനിമയുടെ ബോക്സ് ഓഫീസ് വിജയവും 250 കോടി രൂപയുടെ കളക്ഷനും ഉണ്ടായിട്ടും, ലാഭത്തിന്റെ വിഹിതം തനിക്ക് ലഭിച്ചില്ലെന്ന് സിറാജ് അവകാശപ്പെടുന്നു.