
സ്വന്തം കമ്പനിയുടെ പേരിൽ ഭൂമി തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ചെന്ന് ആരോപണത്തിൽ എഎപിയുടെ രാജ്യസഭാ എംപി സഞ്ജീവ് അറോറയുടെ വീട്ടിൽ ഇഡി റെയ്‌ഡ്. പഞ്ചാബിലെ വസതിയിലാണ് റെയ്‌ഡ് നടന്നത്. ഇഡിയുടെ പരിശോധനയെ കുറിച്ച് തനിക്ക് ഒരു ഉറപ്പും, ധാരണയുമില്ലെന്ന് അറോറ പ്രതികരിച്ചു.
'താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും റെയ്ഡിൻ്റെ കാരണത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ല. ഏജൻസികളുമായി പൂർണ്ണമായി സഹകരിക്കുകയും അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്‌തിട്ടുണ്ട്'. അറോറ എക്‌സിൽ കുറിച്ചു.
സ്ഥലക്കച്ചവടക്കാരനായ ഹേമന്ത് സൂദിൻ്റെ വസതിയിൽ ഉൾപ്പെടെ ലുധിയാന, ജലന്ധർ, ഡൽഹി എന്നിവിടങ്ങളിലെ 17 സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവരെ ഇഡി കസ്റ്റഡിയിൽ എടുത്തെങ്കിലും ഒന്നും കണ്ടെത്താൻ ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷമായി ഇഡി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സഞ്ജയ് സിംഗ്, മുൻ മന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരുടെ വസതികളിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ എവിടെയും ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം എക്‌സിൽ പോസ്റ്റിൽ കുറിച്ചു.