
നരേന്ദ്രമോദി സർക്കാരുകളുടെ കാലത്ത് രാഷ്ട്രീയ നേതാക്കൾക്കെതിരെ എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത 193 കേസുകളിൽ തെളിയിക്കപ്പെട്ടത് രണ്ടെണ്ണം മാത്രമാണെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ എഎ റഹിം എംപിക്കുള്ള മറുപടിയിലാണ് കേസുകളുടെ എണ്ണം പുറത്തുവിട്ടത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കണക്കുകൾ പുറത്തുവന്നത്.
കഴിഞ്ഞ പത്തുവർഷത്തെ വിവരങ്ങളാണ് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ വച്ചത്. ഈ കാലയിളവിൽ എംപിമാർക്കും എംഎൽഎമാർക്കും തദ്ദേശ സ്വയംഭരണ അംഗങ്ങൾക്കുമെതിരെ ഇഡി 193 കേസുകൾ രജിസ്റ്റർ ചെയ്തു. പാർട്ടി അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംങ്ങളാണ് രാജ്യസഭയിൽ എ.എ റഹീം എം പി ചോദിച്ചത്.
എന്നാൽ പാർട്ടികളും സംസ്ഥാനങ്ങളും തിരിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. പകരം ഓരോ വർഷത്തെയും കണക്കുകൾ നൽകി. ഇതനുസരിച്ച് 2019-2024 കാലത്ത് ഇഡി രജിസ്റ്റർ ചെയ്ത കേസുകളിൽ വൻ വർധനയുണ്ടായി. 2023-24ൽ 34കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഒന്നാം എൻഡിഎ കാലത്ത് 42 കേസുകളും രണ്ടാം എൻഡിഎ സർക്കാരിൻ്റെ കാലത്ത് 151 കേസുകളും ഇഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഒന്നും രണ്ടും എൻഡിഎ സർക്കാരുകളുടെ കാലത്ത് ഒരോ കേസുകൾ വീതം മാത്രമാണ് തെളിയിക്കപ്പെട്ടത്. പ്രതിപക്ഷ ശബ്‌ദങ്ങളെ അടിച്ചമർത്താൻ ബിജെപി, സർക്കാർ സംവിധാനങ്ങളെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുകയാണെന്ന് എന്ന് എ.എ. റഹിം എംപി കുറ്റപ്പെടുത്തി.