
രജനികാന്ത് നായകനായെത്തിയ എന്തിരന്‍ എന്ന ചിത്രത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശങ്കറിനെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിലാണ് നടപടി. ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി.
കള്ളപ്പണ നിയമ പ്രകാരമാണ് നടപടി. നിര്‍മാതാവ് കൂടിയായ ശങ്കറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. തിങ്കളാഴ്ചയായിരുന്നു നടപടി.
ആരൂര്‍ തമിഴ്‌നാടന്‍ എന്ന കഥാകാരനാണ് ശങ്കറിനെതിരെ പരാതി നല്‍കിയത്. തന്റെ ജിഗുബ എന്ന കഥയുമായി ശങ്കര്‍ എഴുതി സംവിധാനം ചെയ്ത എന്തിരന് സാമ്യമുണ്ടെന്നായിരുന്നു ആരൂര്‍ തമിഴ്‌നാടന്റെ പരാതി. ജിഗുബ എന്ന കഥയ്ക്ക് എന്തിരന്റെ കഥയുമായി സാമ്യമുള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലും വ്യക്തമായിരുന്നു.
1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് ശങ്കറിനെതിരെ ഇഡി ചെന്നൈ സോണല്‍ ഓഫീസ് നടപടി എടുത്തത്. 2010ലാണ് എന്തിരന്‍ റിലീസ് ചെയ്തത്. വേള്‍ഡ് വൈഡ് റിലീസ് ചെയ്ത ചിത്രം 290 കോടിയാണ് നേടിയത്. ചിത്രത്തില്‍ തന്റെ വേതനമായി ശങ്കര്‍ വാങ്ങിയത് 11.5 കോടി രൂപയാണ്.