എഡ് ഷീരൻ്റെ 'സർപ്രൈസ്' തകർത്ത് പൊലീസ്; ആരാധകർക്കായി ബെംഗളൂരു തെരുവിൽ പാടാനെത്തിയ ഗായകൻ്റെ മൈക്ക് പ്ലഗ് ഊരിമാറ്റി

പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ താരത്തെ തടഞ്ഞത്.അനുമതിയില്ലാതെ പരിപാടി അവതരിപ്പിച്ചതിന് ഗായകനെതിരെ ഉചിതമായ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
എഡ് ഷീരൻ്റെ 'സർപ്രൈസ്' തകർത്ത് പൊലീസ്; ആരാധകർക്കായി ബെംഗളൂരു തെരുവിൽ പാടാനെത്തിയ ഗായകൻ്റെ  മൈക്ക് പ്ലഗ് ഊരിമാറ്റി
Published on



ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബ്രിട്ടീഷ് ഗായകനാണ് എഡ് ഷീരൻ. സംഗീത പരിപാടികളുടെ ഭാഗമായി ഇന്ത്യയിലുടനീളം പര്യടനം നടത്തുകയാണ് ഇപ്പോൾ ഗായകൻ. സംഗീത നിശകളിൽ ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട എഡ് ഷീരൻ, ഇവർക്ക് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ ആരാധകർക്കായി പാടിക്കൊണ്ടായിരുന്നു ഗായകൻ ഇന്ത്യൻ ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. എന്നാൽ ബെംഗളൂരു പൊലീസിൻ്റെ നടപടിയിലൂടെ ഇവിടെ ശരിക്കും സർപ്രൈസായത് എഡ് ഷീരൻ തന്നെയാണ്.


പദ്ധതിയിട്ടതുപോലെ തന്നെ ഞായറാഴ്ച രാവിലെ ബെംഗളൂരു ബ്രിഗേഡ് റോഡിനടുത്തുള്ള ചർച്ച് സ്ട്രീറ്റിൽ ഇഡ് ഷീരൻ തൻ്റെ സംഗീത പ്രകടനം ആരംഭിച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായതിനാൽ, അധികാരികൾ ഗായകന് സംഗീതപരിപാടിക്കുള്ള അനുമതി നിഷേധിച്ചിരുന്നു. പക്ഷേ ആരാധകർക്ക് സമ്മാനം നൽകാനെത്തിയ എഡ് ഷീരൻ പിൻമാറിയില്ല. ഗായകൻ പരിപാടി അവതരിപ്പിക്കാൻ തുടങ്ങി, നിമിഷങ്ങൾക്കുള്ളിൽ ആളുകൾ സ്ഥലത്തെത്താനും തുടങ്ങി.

ഇതോടെയാണ് ചർച്ച് സ്ട്രീറ്റിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. ഷീരൻ തൻ്റെ ഹിറ്റ് ഗാനമായ 'ഷേപ്പ് ഓഫ് യു' പാടുന്നതിനിടെ ബെംഗളൂരു പൊലീസ് സ്ഥലത്തെത്തി പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എഡ് ഷീരൻ പാട്ട് തുടർന്നതോടെ, ഒരു ഉദ്യോഗസ്ഥൻ മൈക്കിന്റെ കേബിൾ വലിച്ചൂരി താരത്തോടും സംഘത്തോടും പരിപാടി അവസാനിപ്പിച്ച് തിരികെ പോകാൻ ആവശ്യപ്പെട്ടു.

സംഭവത്തിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ താരത്തെ തടഞ്ഞത്. ഷീരന്റെ കൂടെയുണ്ടായിരുന്നവർ പൊലീസുകാരനെ കാര്യങ്ങൾ പറഞ്ഞു മനസില്ലാക്കാൻ ശ്രമിക്കുന്നുതും വൈറലായ വീഡിയോയിൽ കാണാം.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ വൈറലായതോടെ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എഡ് ഷീരൻ കന്നഡയിൽ പാടത്തതാണ് ഇതിനൊക്കെ കാരണമെന്നാണ് ഒരു ഉപയോക്താവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌‌ഫോമായ എക്സിൽ കുറിച്ചത്. സംഭവസ്ഥലത്ത് താനുമുണ്ടായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന് വിഷയം അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു.

എന്നാൽ പൊലീസ് നടപടിയെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങളുമുണ്ട്. ആ പോലീസുകാരൻ ചെയ്തത് ശരിയായ കാര്യമാണെന്ന് തോന്നുന്നു. നിങ്ങൾ ഇങ്ങനെ സങ്കൽപ്പിച്ചു നോക്കൂ,എഡ് ഷീരൻ ചർച്ച് സ്ട്രീറ്റിൽ സൗജന്യമായി പാട്ട് പാടുന്നു. മിനിറ്റുകൾക്കുള്ളിൽ അവിടെ എത്ര ജനങ്ങൾ തടിച്ചുകൂടുമെന്നത് സങ്കൽപ്പിക്കാൻ കഴിയില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ തിക്കിലും തിരക്കിലും അപകടമുണ്ടായാൽ ആരാണ് ഉത്തരവാദി? ഒരു ഉപയോക്താവ് ചോദിച്ചു. എന്തായാലും അനുമതിയില്ലാതെ പരിപാടി അവതരിപ്പിച്ചതിന് ഗായകനെതിരെ ഉചിതമായ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

നിലവിൽ ഇന്ത്യയിൽ ഒരു സംഗീത പര്യടനത്തിലാണ് എഡ് ഷീരൻ. പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിൽ, ഗായകൻ അർമാൻ മാലിക് അദ്ദേഹത്തിനായി ഗാനം അവതരിപ്പിച്ചു. ചെന്നൈയിലെ അദ്ദേഹത്തിന്റെ സംഗീത പരിപാടിയിൽ ഇതിഹാസ സംഗീതസംവിധായകൻ എ.ആർ. റഹ്മാനും പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ച് ഉർവശി എന്ന പ്രശസ്ത ഗാനം ആലപിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com