ഒടുവിൽ സമ്മതം; എടച്ചേരി ഡിവൈഎഫ്ഐക്കാരുടെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കുമെന്ന് പൊലീസ്

വിഷയത്തിൽ എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയിൽ പുതിയ പരാതി നൽകണമെന്ന് എടച്ചേരി പൊലീസ് വ്യക്തമാക്കി
ഒടുവിൽ സമ്മതം; എടച്ചേരി ഡിവൈഎഫ്ഐക്കാരുടെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കുമെന്ന് പൊലീസ്
Published on
Updated on



കോഴിക്കോട് എടച്ചേരിയിലെ ഡിവൈഎഫ്ഐ കൊലവിളി പ്രസംഗത്തിൽ കേസ് എടുക്കുമെന്ന് പൊലീസ്. വിഷയത്തിൽ കോൺഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയിൽ പുതിയ പരാതി നൽകണമെന്ന് എടച്ചേരി പൊലീസ് വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകൻ നിജേഷിന്റെ പരാതിയിൽ കേസ് എടുക്കാതെ, സിപിഎം നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തത് വലിയ വിവാദമായിരുന്നു. വീണ്ടും പരാതി നൽകുന്നത് ആലോചിച്ചതിന് ശേഷം മാത്രമായിരിക്കുമെന്ന് നിജേഷ് വ്യക്തമാക്കി.

വീട്ടില്‍ കയറി കയ്യും കാലും അടിച്ചുമുറിക്കും എന്നായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി. നിജേഷിനെ പട്ടിയെ തല്ലും പോലെ തെരുവിലിട്ട് തല്ലുമെന്നും, നിജേഷ് ഇനി ഇരിക്കണോ കിടക്കണോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കുമെന്നുമാണ് നേതാക്കളുടെ പ്രസംഗത്തിലുള്ളതെന്ന് നിജേഷ് വ്യക്തമാക്കി.

എന്നാൽ വിഷയത്തിൽ കേസെടുക്കണമെങ്കിൽ കോടതിയെ സമീപിക്കണമെന്നായിരുന്നു എടച്ചേരി പൊലീസിൻ്റെ നിർദേശം. അതേസമയം ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസ് എടുത്തിട്ടുണ്ട്.  പൊലീസ് സാന്നിധ്യത്തിൽ തന്നെയായിരുന്നു ഡിവൈഎഫ്ഐയുടെ കൊലവിളി പ്രസംഗമെന്നും നിജേഷ് പറയുന്നു.

പുഷ്പന്‍റെ മരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് നിജേഷ് വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ഇതാണ് ഡിവൈഎഫ്ഐ നേതാക്കളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ മാസം ഒരു കൂട്ടം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സാന്നിധ്യത്തിൽ കയ്യും കാലും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് പരാതി. പിന്നാലെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വ്യക്തിപരമായി അധിക്ഷേപിച്ചതായും നിജേഷിൻ്റെ പരാതിയിലുണ്ട്. 

News Malayalam 24x7
newsmalayalam.com