
എടയാർ വ്യവസായ മേഖലയിലെ പൊട്ടിത്തെറിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ്. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊട്ടിത്തെറിയുണ്ടായ ഫോര്‍മല്‍ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. സ്ഥാപനം പ്രവർത്തിക്കുന്നത് മാനദണ്ഡം പാലിക്കാതെയാണ് എന്ന് ആരോപിച്ചാണ് പ്രതിഷേധം. കൃത്യമായ പരിശോധനകൾ നടക്കുന്നില്ല എന്നും നാട്ടുകാർ ആരോപിച്ചു. അപകടസ്ഥലത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു എത്താത്തതിലും പ്രതിഷേധമുണ്ട്.
കഴിഞ്ഞ ദിവസം, കൊച്ചി എടയാർ വ്യവസായ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചിരുന്നു. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോര്‍മല്‍ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഒഡിഷ സ്വദേശി അജയ് വിക്രമന് ആണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
വ്യവസായശാലയിലെ മിനി ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റ മൂന്ന് പേരെയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.