
സംസ്ഥാനത്ത് പോക്സോ കേസിൽ പ്രതിയായ അധ്യാപകർക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. ഒൻപത് അധ്യാപകരെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കൊപ്പമാണെന്നും, കുട്ടികളെ ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വി. ശിവൻകുട്ടിയുടെ പ്രസ്താവന. ഇനിയും കുറച്ച് പേർക്ക് നേരെ നടപടിയെടുക്കാനുണ്ട്. വിദ്യാഭ്യാസ വകുപ്പ് മക്കൾക്കൊപ്പമുണ്ടെന്നും പൊലീസും കൂടെയുണ്ടാകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പോക്സോ കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വി. ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
പോക്സോ കേസുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ 77 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി വി. ശിവൻകുട്ടി അറിയിച്ചു. 65 അധ്യാപകർ, 12 അനധ്യാപകർ എന്നിവർക്ക് നേരെയാണ് നടപടി. ഇതുവരെ 10 പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും 45 പേർക്കെതിരെ കർശന നടപടി സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇതുവരെ മൂന്ന് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 14 അധ്യാപകരെ സസ്പെൻഡ് ചെയ്തു.എയിഡഡ് മേഖലയിൽ ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ബാക്കിയുള്ളവർക്കെതിരെ അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.