
ജോലി സമ്മർദത്തെ തുടർന്ന് കാണാതായ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സൂപ്രണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജുമായ വൈക്കം കുലശേഖര മംഗലം സ്വദേശി ശ്യാം കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂവാറ്റുപുഴയാറിന്റെ ഭാഗമായ അക്കര പാടത്ത് പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
ശനിയാഴ്ച രാവിലെ അഞ്ച് മുതലാണ് ശ്യാംകുമാറിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കുടുംബം വൈക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതായ ശ്യാം കുമാറിന് ജോലി സമ്മർദം ഉണ്ടായിരുന്നതായി ഭാര്യ ദീപ പൊലീസിൽ മൊഴി നൽകി. വിദ്യാഭ്യാസ വകുപ്പിന്‍റെ വൈക്കം ഓഫീസിലെ സീനിയർ സൂപ്രണ്ടായിരുന്ന ശ്യാംകുമാറിന് രണ്ടുമാസം മുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല കൂടി ലഭിച്ചത്.
രണ്ടു ജോലികൾ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ ശ്യാം കുമാർ കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.