
താനൂരിൽ നിന്ന് വിദ്യാർഥിനികൾ നാടുവിട്ട സംഭവത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് അടക്കമുള്ള പിന്തുണ സംവിധാനങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളെ കണ്ടെത്താൻ സഹായിച്ച അധികൃതരെ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിക്കുകയും ചെയ്തു.
വിദ്യാഭ്യാസ മന്ത്രിയുടെ പത്രക്കുറിപ്പ്
താനൂരിൽ നിന്ന് കാണാതായ ഹയർ സെക്കൻഡറി വിദ്യാർത്ഥിനികളെ എത്രയും പെട്ടെന്ന് കണ്ടെത്താനായ കേരള പൊലീസിന് അഭിനന്ദനങ്ങൾ. വിവരങ്ങൾ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച സ്കൂൾ അധികൃതരും അഭിനന്ദനം അർഹിക്കുന്നു.
കുട്ടികൾക്ക് ആവശ്യമുള്ള കൗൺസിലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഇതിനാവശ്യമായി നിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.
അതേസമയം നാടുവിട്ട പെൺകുട്ടികളുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. മജിസ്ട്രേറ്റിനു മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. സിഡബ്ല്യൂസിയും ഇന്ന് മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ കുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാടുവിടാൻ സഹായിച്ച റഹിം അസ്ലമിന് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.
നാടുവിട്ട പെൺകുട്ടികളിൽ ഒരാളുമായി യുവാവിന് ഇൻസ്റ്റഗ്രാം വഴി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇയാൾ എങ്ങനെയാണ് കുട്ടികളെ നാടുവിടാൻ സഹായിച്ചതെന്ന് വ്യക്തമാകണമെങ്കിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തണം. അതിന് ശേഷം മാത്രമായിരിക്കും റഹിം അസ്ലത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കുക.
മലപ്പുറം താനൂരിൽ നിന്ന് നാടുവിട്ട പ്ലസ് ടു വിദ്യാർഥിനികളെ ഇന്ന് നാട്ടിലെത്തിക്കും. കുട്ടികളുമായി കേരള പൊലീസ് കഴിഞ്ഞ ദിവസം തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. കുട്ടികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്ക് ഒപ്പം അയക്കും. മുംബൈ ലോണാവാലയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.