ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ്; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശം

രണ്ടാം വർഷ മലയാളം ചോദ്യപേപ്പറിൽ 14ഓളം അക്ഷരത്തെറ്റുകളാണ് കണ്ടെത്തിയത്
ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ്; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശം
Published on

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യപേപ്പറിൽ വ്യാപക അക്ഷരത്തെറ്റ് കണ്ടെത്തിയതിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. രണ്ടാം വർഷ മലയാളം ചോദ്യപേപ്പറിൽ 14ഓളം അക്ഷരത്തെറ്റുകളാണ് കണ്ടെത്തിയത്. പ്രയോഗങ്ങളിലും വ്യാകരണത്തിലും പിഴവുകൾ ഉണ്ടെന്നും പരാതി ഉയർന്നിരുന്നു.



'താമസം' എന്നതിന് പകരം അച്ചടിച്ചത് 'താസമം' എന്നാണ്. 'കാതോർക്കും'എന്നതിന് പകരം 'കാരോർക്കും' എന്നും. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്. ഇതുകൂടാതെ 'സച്ചിനെക്കുറിച്ച്'എന്നതിനു പകരം ചോദ്യപേപ്പറിൽ അച്ചടിച്ചു വന്നത് 'സച്ചിനെക്കറിച്ച്'എന്നാണ്. ഇത്തരത്തിൽ ചോദ്യങ്ങളിൽ അക്ഷരത്തെറ്റുകൾ കടന്നുകൂടിയത് കൂടാതെ പല ചോദ്യങ്ങളുടെയും വ്യാകരണവും പ്രയോ​ഗവും ശരിയായ വിധത്തിലല്ലെന്നും അധ്യാപകർ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് മാർച്ച് മൂന്നിന് ആരംഭിച്ച എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ 26ന് അവസാനിക്കും. ഇത്തവണ 4,44,693 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്.


അതേസമയം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം മെയ് മാസത്തിൽ പൂർത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാർച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേoബറിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രിൽ രണ്ടാംവാരം നടക്കുമെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com