തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സ്കൂളിൽ നടന്നത്. ഡിഡിഇയോട് റിപ്പോർട്ട് തേടിയിട്ടിട്ടുണ്ടെന്നും അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ദേശീയഗാനത്തിനിടെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് കോട്ടൺഹിൽ സ്കൂൾ അധ്യാപികയായ ദരീഫ കുട്ടികളെ ക്ലാസ് മുറിയിൽ പൂട്ടിയിടുകയും ഏത്തമിടീക്കുകയും ചെയ്തത്.
സംഭവം നടന്ന ആദ്യഘട്ടത്തിൽ അധ്യാപികയോട് വിശദീകരണം തേടിയിരുന്നില്ല. സ്കൂളിൽ പിടിച്ചുവെച്ചതിന് പിന്നാലെ ചില കുട്ടികൾക്ക് ബസ് കിട്ടാതെ വന്നതിനാൽ വീട്ടിലെത്താൻ വൈകിയ കാരണം രക്ഷിതാക്കൾ അറിഞ്ഞതിന് പിന്നാലെയാണ് അധ്യാപികയോട് വിശദീകരണം ചോദിച്ചത്.
വിവരം അറിഞ്ഞതിൽ പിന്നാലെ രക്ഷിതാക്കൾ സ്കൂളിൻ്റെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലടക്കം വിഷയം ഉന്നയിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം വ്യാപകമായതിൽ പിന്നാലെയാണ് പ്രധാനാധ്യാപിക അധ്യാപികയോട് വിശദീകരണം ചോദിച്ചത്.
ഇതിനുപിന്നാലെ അധ്യാപിക കുറ്റം സമ്മതിക്കുകയും മാപ്പെഴുതി കൊടുക്കുകയും ചെയ്തു. ഒരു വർഷമേ ആയിട്ടുള്ളൂ അധ്യാപിക സ്കൂളിലെത്തിയിട്ട്. അതിൻ്റെ പരിചയക്കുറവ് ഉണ്ടെന്ന ന്യായീകരണമാണ് പ്രധാനാധ്യാപിക നൽകുന്നത്.