
രാജ്യത്തെ തൊഴിലില്ലായ്മ വർധിക്കുന്നുവെന്നത് വ്യാജവാർത്തയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ രാജ്യത്ത് പുതിയ എട്ടുകോടി തൊഴിലവസരങ്ങൾ ലഭ്യമായെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. മുംബൈയിലെ റോഡ്, റെയിൽവേ, തുറമുഖ മേഖലകളിൽ 29,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം ഗോരേഗാവിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ആർബിഐ റിപ്പോർട്ട് ഉദ്ധരിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന. രാജ്യത്തെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് ആർബിഐ അടുത്തിടെ ഒരു വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയിൽ എട്ട് കോടിയോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ഇത് നിശബ്ദമാക്കിയെന്നും മോദി പറഞ്ഞു. വികസനവും തൊഴിലവസരങ്ങളും രാജ്യത്ത് ആവശ്യമാണെന്നും, കേന്ദ്ര സർക്കാർ അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പ്രധാമന്ത്രി അവകാശപ്പെട്ടു.
അതേസമയം, സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ (CMIE) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം , 2024 ജൂണിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായിരുന്നു. 2024 മെയ് മാസത്തിലെ 7 ശതമാനത്തിൽ നിന്നും തൊഴിലില്ലായ്മ 2 ശതമാനത്തോളം വർധിച്ചു. രാജ്യത്തെ തൊഴിലില്ലായ്മയുടെ നേർചിത്രമായി വെറും 10 ഒഴിവുകളുള്ള കമ്പനിയിലേക്ക് 1800 ആളുകളെത്തിയ വീഡിയോ ഉൾപ്പെടെ സാമൂഹമാധ്യമങ്ങളിൽ വൈറലാകവെയാണ് മോദിയുടെ പ്രസ്താവന.